സാങ്കേതിക അറിവുകൾ ജനജീവിതത്തെ പരിവർത്തനപ്പെടുത്തണം: മന്ത്രി
1245606
Sunday, December 4, 2022 1:11 AM IST
രാമവർമപുരം: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറിവുകൾ സാധാരണ ജനജീവിതത്തെ പരിവർത്തനപ്പെടുത്തണമെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് മന്ത്രി ആർ. ബിന്ദു. അതിനായാണ് ആയിരം കോടി രൂപ സംസ്ഥാന ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തൃശൂർ ഗവ. എൻജിനീയറിംഗ് കോളജിൽ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന കാന്റീൻ കെട്ടിടത്തിന്റെയും 60 ലക്ഷം രൂപ മുതൽ മുടക്കിൽ 1100 ചതുരശ്ര മീറ്റർ ചുറ്റളവിൽ പണികഴിപ്പിച്ച മഴ വെള്ളസംഭരണിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സിമറ്റിനു വേണ്ടി കോളജിലെ ഇലക്ട്രോണിക്സ് ആൻസ് കമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് വികസിപ്പിച്ച എസ്പിആർ ക്യാരക്റ്ററൈസേഷൻ അപ്പാരറ്റസിന്റെ സ്വിച്ച് ഓണും മന്ത്രി നിർവഹിച്ചു.
പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, എക്സിക്യൂട്ടീവ് എൻജിനീയർ പി.വി. ബിജി, കോളജ് പ്രൻസിപ്പൽ രജിനി ഭട്ടതിരിപ്പാട് എന്നിവർ പങ്കെടുത്തു.