ദേശീയപാത നിർമാണം: അധികൃതരുടെ അനാസ്ഥയിൽ നിരപരാധികളുടെ ജീവൻ പൊലിയുന്നു
1461009
Monday, October 14, 2024 7:36 AM IST
കൊടുങ്ങല്ലൂർ: നാഷണൽ ഹൈവേ അഥോറിറ്റിയും കരാറുകാരനും ചേർന്ന് വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെ ദേശീയ പാതയിൽ നടത്തിവരുന്ന നവീകരണ പ്രവൃത്തികളിൽ അപകടങ്ങളും മരണങ്ങളും വർധിക്കുന്നു.
മൂന്നര കിലോമീറ്റർ ദൂരമുള്ള ബൈപാസ് റോഡ് ക്രോസ് ചെയ്യുന്ന സ്ഥലങ്ങളിൽ കരാറുകാരൻ യാതൊരു സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. വാഹനങ്ങൾ ക്രോസ് ചെയ്യുന്ന സ്ഥലങ്ങളാകാട്ടെ കണ്ടും കുഴികളും നടന്നു പോകാൻ പറ്റാത്ത വിധം ചെളിയും നിറഞ്ഞതാണ്. ദിശാബോർഡുകൾ സ്ഥാപിക്കാത്തതും ആശയക്കുഴപ്പം ഉണ്ടാകുന്നു.
ശനിയാഴ്ച ബൈപാസിലെ വെള്ളം നിറഞ്ഞ കുഴിയിൽ ബൈക്ക് വീണ് യുവാവ് മരിച്ചതാണ് ഒടുവിലത്തെ അപകടം. കുഴിക്ക് സമീപം എന്തെങ്കിലും അപായ സൂചന ബോർഡ് സ്ഥാപിച്ചിരുന്നുവെങ്കിൽ യുവാവിൻന്റെ ജീവൻ നഷ്ടപ്പെടുമായിരുന്നില്ല. അഴിക്കോട് കുരിശിങ്കൽ ജോർജ് മകൻ നിഖിൽ (24) ആണ് മരിച്ചത്. എന്നാൽ സംഭവം നടന്ന് അടുത്തദിവസം രാവിലെ തന്നെ കുഴിക്ക് സമീപം റിബ്ബൺ കെട്ടി തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ പത്തിന് കോട്ടപ്പുറം ബൈപാസിൽ ബൈക്കിൽ ബസ് ഇടിച്ച് വിദ്യാർത്ഥിമരിച്ചിരുന്നു. അഞ്ചങ്ങാടി കൊണ്ടിയാറ അജിതൻ - ഷീജ ദമ്പതികളുടെ മകൻ അനജിൻ (19) എന്ന വിദ്യാർഥിയാണ് അന്ന് മരിച്ചത്.
ദേശീയപാത നിർമാണത്തിനിടെ അഞ്ച് മാസത്തിനിടെയായി സ്കൂട്ടർ യാത്രക്കാരാനായ ഒരു റിട്ട. എസ്ഐ ഉൾപ്പെടെ മറ്റ് നാല് ഇരുചക്ര വാഹനയാത്രക്കാരും മരിച്ചിട്ടുണ്ട്. അധികം പേരും റോഡിൽ പരന്ന് കിടക്കുന്ന ചെളിയിൽ തെന്നി മറിഞ്ഞാണ് മരിച്ചിട്ടുള്ളത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചന്തപ്പുര ഭാഗത്ത് റോഡിൽ ചെളിയിൽ തെന്നിവീണ് നാലുപേർക്ക് പരിക്കേറ്റിരുന്നു.
ദുരിതം വിതയ്ക്കുന്ന ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ കരാർ കമ്പനി അധികൃതരും ഉദ്യോഗസ്ഥരും ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും നിഖിലിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സിപിഎം ഏരിയാസെക്രട്ടറി കെ.ആർ. ജൈത്രൻ ആവശ്യപ്പെട്ടു.