ഓപ്പറേഷന് നുംഖോർ: പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ കസ്റ്റംസിനെ സമീപിച്ച് ദുല്‍ഖര്‍
Monday, October 13, 2025 1:42 AM IST
കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ ലഭിക്കുന്നതിനായി അപേക്ഷ നല്കി നടന് ദുല്‍ഖര്‍ സല്മാന്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാഹനം വിട്ടുകിട്ടുന്നതിനായി കസ്റ്റംസിന് അപേക്ഷ നല്‍കിയത്.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ പിടിച്ചെടുത്ത നടപടിക്കെതിരേ ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാഹനം താത്കാലികമായി തിരികെ ലഭിക്കുന്നതിന് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറെ സമീപിക്കാന്‍ ദുല്‍ഖറിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
ദുല്‍ഖറിന്റെ അപേക്ഷയില്‍ ബന്ധപ്പെട്ട അഥോറിറ്റി ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ കസ്റ്റംസിനെ സമീപിച്ചിട്ടുള്ളത്.
ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച് മറ്റ് രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും കസ്റ്റംസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. വാഹനം വിട്ടുനല്‍കുകയോ നല്കാതിരിക്കുകയോ ചെയ്യാനുള്ള അധികാരം കസ്റ്റംസിനുണ്ട്.
എന്നാല്‍, വാഹനം നല്കുന്നില്ലെങ്കില് അതിന്റെ കാര്യകാരണങ്ങള്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിന്റെ കൈവശമുണ്ടായിരുന്നത് ഭൂട്ടാനില്‍നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തതെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
എന്നാല്‍ രേഖകള്‍ പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനം പിടിച്ചെടുത്തതെന്നും വാഹനം താത്കാലികമായി വിട്ടുനല്കണമെന്നുമായിരുന്നു ദുല്‍ഖറിന്റെ വാദം. ഈ വാഹനത്തിന് പുറമേ ദുല്‍ഖറിന്റെ ലാന്‍ഡ് ക്രൂയിസര്‍, നിസാന്‍ പട്രോള്‍ എന്നീ രണ്ട് വാഹനങ്ങള്‍ക്കൂടി ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.