ട്രയാത്ലണിൽ അയണ്‍മാനായി മലയാളിയായ സിദ്ധാർഥ് മാധവ്
Monday, October 21, 2019 10:46 PM IST
കൊച്ചി: ലോകത്തിലെ ഏറ്റവും വിഷമകരമായ സ്പോർട്സുകളിലൊന്നായി അറിയപ്പെടുന്ന ട്രയാത്ലണിൽ ഇന്ത്യക്കുവേണ്ടി ആൻ അയണ്മാൻ ട്രയാത്ലണ് പദവി നേടി മലയാളിയായ സിദ്ധാർഥ് മാധവ് ചരിത്രം കുറിച്ചു.
സാഹിത്യകാരൻ മാലിയുടെയും കൊച്ചിയുടെ ആദ്യമേയർ എ.കെ. ശേഷാദ്രിയുടേയും ചെറുമകനും കോർപറേറ്റ് മെന്റർ വി.കെ. മാധവ് മോഹൻ രാധ ദന്പതികളുടെ മകനുമായ സിദ്ധാർഥ് 10 വർഷമായി യുഎസിലാണ്. യുഎസിലെ മേരിലാൻഡ് കേംബ്രിഡ്ജിൽ കഴിഞ്ഞ മാസം അവസാനം നടന്ന മത്സരത്തിലാണ് 13 മണിക്കൂറും 11 മിനിറ്റുമെടുത്ത് സിദ്ധാർഥ് ഇന്ത്യയെ പ്രതിനിധീകരിച്ച് അഭിമാനകരമായ നേട്ടം കൈവരിച്ചത്.
വേൾഡ് ട്രയാത്ലണ് കോർപറേഷൻ സംഘടിപ്പിക്കുന്ന ആൻ അയണ്മാൻ ട്രയാത്ലണ് ഒരു ദീർഘദൂര ട്രയാത്ലണ് മത്സരമാണ്. 2.4 മൈൽ നീന്തൽ (3.86 കിലോമീറ്റർ), 112 മൈൽ സൈക്കിളോട്ടം (180.25 കിലോമീറ്റർ), 26.22 മൈൽ മാരത്തോണ്‍ (42.20 കിലോമീറ്റർ) എന്നിവ ഉൾപ്പെട്ടതാണ് ആൻ അയണ്മാൻ ട്രയാത്ലണ്.
ഇടവേളയില്ലാതെയാണ് നീന്തലും സൈക്കിളിംഗും മാരത്തോണും പൂർത്തീകരിക്കേണ്ടതെന്നതാണ് ആൻ അയണ്മാൻ ട്രയാത്ലണിനെ ഏറെ ദുഷ്കരമാക്കുന്നത്.
രണ്ടു വർഷത്തെ കഠിന പരിശീലനമാണ് സിദ്ധാർഥ് ഈ മത്സരത്തിനു വേണ്ടി നടത്തിയത്. ഫിസിക്കൽ തെറാപ്പി, അക്യുപങ്ചർ, മസാജുകൾ, ക്രയോതെറാപ്പി തുടങ്ങിയവ ഉൾപ്പെട്ടതായിരുന്നു പരിശീലനം.
കൊച്ചിയിലെ ചിന്മയ വിദ്യാലയത്തിൽ പഠിച്ച് പിന്നീട് അണ്ണാ യൂണിവേഴ്സിറ്റിയിൽനിന്ന് ബിടെക് ബിരുദമെടുത്തശേഷം 2009ലാണ് യുഎസിലെ തണ്ടർബേഡിൽനിന്ന് എംബിഎ എടുക്കാൻ സിദ്ധാർഥ് യുഎസിൽ പോകുന്നത്.