മരട് നഷ്ടപരിഹാരം: സമിതി കാലാവധി നീട്ടി
Thursday, April 9, 2020 10:40 PM IST
തിരുവനന്തപുരം: തീരദേശനിയമം ലംഘിച്ചതിന് സുപ്രീംകോടതി നിർദേശപ്രകാരം പൊളിച്ചു നീക്കിയ മരട് നഗരസഭയിലെ ഫ്ലാറ്റുകളുടെ ഉടമസ്ഥരായിരുന്നവർക്ക് നഷ്ടപരിഹാരം നിർദേശിക്കുന്നതിനായി രൂപീകരിച്ച ജസ്റ്റീസ് കെ. ബാലകൃഷ്ണൻ നായർ സമിതിയുടെ കാലാവധി മൂന്നു മാസത്തേക്കു കൂടി നീട്ടി നൽകി.
അഞ്ച് മാസമായിരുന്നു സമിതിയുടെ കാലാവധി. ആറു മാസത്തേക്കുകൂടി പ്രവർത്തന കാലാവധി നീട്ടണമെന്നു ചെയർമാൻ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. കാലാവധി നീട്ടിക്കൊണ്ടുള്ള പരിസ്ഥിതി വകുപ്പിന്റെ ഉത്തരവിറങ്ങി.
കമ്മിറ്റിയുടെ ശിപാർശ പ്രകാരം മരട് ഫ്ലാറ്റുകളിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട പത്ത് ഫ്ലാറ്റുടമകൾക്കുകൂടി നഷ്ടപരിഹാരം നൽകിക്കൊണ്ട് ധനവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. 2,34,79,200 രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചിരിക്കുന്നത്. ഇതിനകം 59.57 കോടി രൂപ വിവിധ ഉടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.