സംസ്ഥാനത്ത് ഇന്നലെ 1129 പേർക്ക് കോവിഡ് ; 78 ശതമാനവും സന്പർക്കത്തിലൂടെ
Sunday, August 2, 2020 12:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1129 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 880 പേർക്കും സന്പർക്കത്തിലൂടെയാണു രോഗം. അതായത് 78 % പേർക്കും സന്പർക്കത്തിലൂടെയാണു രോഗമുണ്ടായത്. ഇന്നലെ എട്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 81 ആയി. തിരുവനന്തപുരത്തു രോഗികളുടെ എണ്ണം ആശങ്ക ഉയർത്തി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട 259 ൽ 241 പേർക്കും കാസർഗോട്ട് രോഗം സ്ഥിരീകരിക്കപ്പെട്ട 153 ൽ 151 പേർക്കും സന്പർക്കത്തിലൂടെയാണു രോഗം.
മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചൽ (81), കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റഹ്മാൻ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രൻ (59) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട വരിൽ 89 പേർ വിദേശത്തുനിന്നും 114 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. 24 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. സന്പർക്ക രോഗികളിൽ 58 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 752 പേർക്കു രോഗം ഭേദമായി.
രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം - 259, കാസർഗോഡ് - 153, മലപ്പുറം - 141, കോഴിക്കോട് - 95, പത്തനംതിട്ട - 85, തൃശൂർ - 76, ആലപ്പുഴ - 67, എറണാകുളം - 59, കോട്ടയം, പാലക്കാട് - 47 വീതം, വയനാട്- 46, കൊല്ലം- 35, ഇടുക്കി - 14, കണ്ണൂർ - 5.