വാളയാർ കേസ്: വീഴ്ച വരുത്തിയവർക്കെതിരേ നടപടിക്കു നിർദേശം
Thursday, August 13, 2020 12:22 AM IST
തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ടു സഹോദരിമാർ ലൈംഗിക പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിന്റെ അന്വേഷണത്തിലും തുടർ നടപടികളിലും വീഴ്ച വരുത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുക്കാൻ മന്ത്രിസഭാ തീരുമാനം. വാളയാർ പീഡനത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ ജഡ്ജി പി.കെ. ഹനീഫ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ കേസ് അന്വേഷണത്തിലും മേൽനോട്ടത്തിലും വീഴ്ച വരുത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുക്കണമെന്ന ഭേദഗതിയോടെയാണു നിർദേശം അംഗീകരിച്ചത്.
അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പി തലം മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകും.
കോടതിയിൽ ആദ്യം ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർക്കും വീഴ്ച സംഭവിച്ചതായി ജുഡീഷൽ കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അജൻഡയിൽ ഉൾപ്പെടുത്തിയാണ് വാളയാർ ജുഡീഷൽ റിപ്പോർട്ട് പരിഗണിച്ചത്. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള മുഴുവൻ പേർക്കെതിരേയും നടപടി സ്വീകരിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.