യു.എ. ഖാദര്‍ അന്തരിച്ചു
Sunday, December 13, 2020 12:18 AM IST
കോഴിക്കോട്: മലയാള സാഹിത്യ ചരിത്രത്തിൽ വ്യക്തിമുദ്ര ചാർത്തിയ പ്രമുഖ സാഹിത്യകാരന് യു.എ. ഖാദര്‍ (85) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പന് കോളജിനു സമീപം ‘അക്ഷര’ത്തിലായിരുന്നു താമസം. ഇന്നു രാവിലെ ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് മൂന്നോടെ സംസ്കാരം.
തൃക്കോട്ടൂര്‍ പെരുമ, തൃക്കോട്ടൂര്‍ നോവെല്ലകള്‍, കഥപോലെ ജീവിതം, ഒരുപിടി വറ്റ്, തൃക്കോട്ടൂര്‍ കഥകള്‍, വായേ പാതാളം, ഖാദര്‍ കഥകള്‍, ഒരു പടകാളി പെണ്ണിന്റെ ചരിത്രം, ഖുറൈശിക്കൂട്ടം, ഓര്‍മ്മകളുടെ പഗോഡ എന്നിവയാണ് പ്രധാനകൃതികള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും എസ്.കെ. പൊറ്റെക്കാട് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
2009-ല്‍ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരവും 2017ല്‍ കേരള സാഹിത്യ അക്കാദമിയുടെ പരമോന്നത പുരസ്കാരമായ വിശിഷ്ടാംഗത്വവും നല്കി ആദരിച്ചു. ചിത്രകാരന് എന്ന നിലയിലും കഴിവു തെളിയിച്ചു.
1935-ല്‍ പഴയ ബര്‍മയിലെ റംഗൂണിലെ ബില്ലിന് ഗ്രാമത്തില്‍ മൊയ്തീന്‍കുട്ടി ഹാജി - മമോദി ദമ്പതികളുടെ മകനായാണ് ജനനം. അമ്മ മാമോദി ബര്മക്കാരിയായിരുന്നു. യുഎ. ഖാദര്‍ ജനിച്ച് മൂന്നു ദിവസത്തിനകം അമ്മ മരിച്ചു. ഏഴാമത്തെ വയസില്‍ പിതാവിനൊപ്പം കൊയിലാണ്ടിയില്‍ എത്തി. 1952 ലാണ് എഴുത്തുജീവിതം തുടങ്ങുന്നത്.
ഭാര്യ: ഫാത്തിമാബീവി. മക്കള്‍: ഫിറോസ്, കബീര്‍, അദീപ്, സറീന, സുലേഖ. മരുമ ക്കള്‍: കെ. സലാം(ബേബി കെയര്‍), സഗീര്‍ അബ്ദുള്ള(ദുബായ്), സുബൈദ, ഫെരീഫ, റാഹില.