മയക്കുമരുന്ന് ഉപയോഗം വീട്ടിൽ അറിയിച്ച പതിനേഴുകാരനു കൂട്ടുകാരുടെ ക്രൂരമർദനം
Sunday, January 24, 2021 12:55 AM IST
കളമശേരി: മയക്കുമരുന്ന് ഉപയോഗം വീട്ടുകാരെ അറിയിച്ചതിന് പതിനേഴുകാരനു സുഹൃത്തുക്കളുടെ ക്രൂരമർദനം. മര്‍ദിക്കുന്നതിന്റെ ഒരു മണിക്കൂറോളം നീളുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. കളമശേരി ഗ്ലാസ് കോളനിയിലാണു ഞെട്ടലുളവാക്കുന്ന സംഭവം.
കെട്ടിടത്തിന്റെ ടെറസിൽ കൊണ്ടുപോയി അർധനഗ്നനാക്കി ബാലനെ മർദിക്കുകയായിരുന്നു. മെറ്റലിൽ മുട്ടുകുത്തി നിർത്തിയശേഷം സുഹൃത്തുക്കൾ മാറിമാറി മുഖത്തടിക്കുന്നതും പുറത്തിടിക്കുന്നതും അടിവയറ്റിൽ ആഞ്ഞുചവിട്ടുന്നതും വീഡിയോയിൽ കാണാം. ജനനേന്ദ്രിയത്തിലും കാലുകൊണ്ടു തൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഏഴുപേരെ കളമശേരി എസ്എച്ച്ഒ കെ. സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. ഇ- മെയിൽ വഴി ലഭിച്ച പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ ആറുപേരും പ്രായപൂർത്തിയാകാത്തവരാണ്.
അഖിൽ വർഗീസ് എന്ന 19 കാരനെ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടു. മറ്റുള്ളവരെ നടപടിക്രമങ്ങൾക്കുശേഷം പിന്നീടു ദുർഗുണപരിഹാര പാഠശാലയിലേക്കു മാറ്റും.
ഈ മേഖലയിൽ മയക്കുമരുന്നു ലോബി പിടിമുറുക്കിയിരിക്കുന്നതായി നാട്ടുകാർ പറയുന്നു. ലഹരിമരുന്നു കേസുകൾ പിടികൂടിയാൽ രാഷ്ട്രീയബന്ധത്തിന്റെ പേരിൽ കേസ് ഒഴിവാക്കുകയാണു പതിവെന്നും പറയുന്നു. പതിനേഴുകാരനെ മർദിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ കർശനനടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.