സ്കൂട്ടര്‍ താഴ്ചയിലേക്കു മറിഞ്ഞ് മെഡിക്കൽ വിദ്യാര്‍ഥിനി മരിച്ചു
Friday, April 19, 2024 1:10 AM IST
മഞ്ചേരി: വയനാട്ടിലുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ഒരാളുടെ നില ഗുരുതരം. മഞ്ചേരി കിഴക്കേത്തല ഓവുങ്ങല്‍ മുഹമ്മദ്അബ്ദുല്‍ സലാമിന്റെ (ഒ.എം.എ. സലാം) മകള്‍ ഫാത്തിമ തസ്കിയ(24)യാണു മരിച്ചത്.
സഹ യാത്രികയായ അജ്മിയ (24)യെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്പറ്റ പിണങ്ങോട്ടുനിന്നു പൊഴുതന ആറാം മൈലിലേക്കുള്ള റോഡിലെ വളവില്‍ ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടം.
പഠനത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാന്പില്‍ പങ്കെടുക്കാനാണ് തസ്കിയ വയനാട്ടില്‍ എത്തിയത്. തസ്കിയ സഞ്ചരിച്ച സ്കൂട്ടി നിയന്ത്രണം തെറ്റി റോഡില്‍നിന്നു താഴ്ചയിലേക്കു മറിയുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് തസ്കിയ. മൃതദേഹം കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. അമ്മ: ബുഷ്റ. സഹോദരങ്ങൾ: മുഖ്താര്‍ അഹമ്മദ് യാസീന്‍, തബ്ഷിറ, മുഷ്താഖ് അഹമ്മദ് യാസിര്‍.