കലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് ഇനി ചിക്കൻ ബിരിയാണിയും
Saturday, July 13, 2024 1:55 AM IST
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ വിദ്യാർഥികൾക്കു മാംസാഹാരത്തിനു തുടക്കമിട്ട് ചിക്കൻ ബിരിയാണി വിളന്പി. വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അനാവശ്യമെന്നു കേരള കലാമണ്ഡലം രജിസ്ട്രാർ പി. രാജേഷ് കുമാർ പറഞ്ഞു.
കലാമണ്ഡലത്തിൽ മാംസാഹാരങ്ങൾ വിളന്പരുതെന്ന ചട്ടമില്ല. കാലങ്ങളായി ഇവിടെ അധ്യാപകരുടെ ക്വാർട്ടേഴ്സിലും വിവിധ പരിപാടികൾക്കു വിദ്യാർഥികളും മാംസാഹാരം ഓർഡർ ചെയ്തു വരുത്താറുണ്ട്.
കുട്ടികളിൽ പോഷകാഹാരക്കുറവ് കണ്ടെത്തിയതിനെതുടർന്നാണ് സ്ഥിരമായി മാംസാഹാരം നൽകാൻ തീരുമാനമെടുത്തത്. മാസത്തിൽ രണ്ടു തവണയെങ്കിലും ചിക്കൻ ബിരിയാണി നൽകാനാണ് ഉദ്ദേശിക്കുന്നത്.
കലാമണ്ഡലത്തിൽ മാംസാഹാരം പാടില്ലെന്നതു ചിലരുടെ പിടിവാശിയാണ്. ഭക്ഷണസ്വാതന്ത്ര്യത്തിൽ ആർക്കും കൈ കടത്താനാവില്ല. രാവിലെ അഞ്ചുമുതൽ തുടങ്ങുന്ന പഠനമാണ് കലാമണ്ഡത്തിലേത്.
വിദ്യാർഥികൾക്കു വലിയ ശാരീരിക അധ്വാനവും ഉള്ളതിനാൽ ആരോഗ്യകരമായ എന്തു ഭക്ഷണം നൽകുന്നതിലും തെറ്റില്ലെന്നും രജിസ്ട്രാർ പറഞ്ഞു.