സിൻഡിക്കറ്റ് തീരുമാനം മരവിപ്പിക്കാൻ നിർദേശിച്ച് വിസി
Monday, July 15, 2024 3:18 AM IST
തിരുവനന്തപുരം: കാലിക്കട്ട് സർവകലാശാല ഇൻസ്ട്രുമെന്റേഷൻ എൻജിനിയറെ തരംതാഴ്ത്തുകയും സസ്പെൻഡ് ചെയ്യുകയും ചെയത് സിൻഡിക്കറ്റ് നടപടി റദ്ദാക്കിയ ഗവർണറുടെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കാനുള്ള സർവകലാശാല സിൻഡിക്കറ്റിന്റെ തീരുമാനം മരവിപ്പിക്കാൻ വൈസ് ചാൻസലർ രജിസ്ട്രാർക്ക് നിർദേശം നല്കി.
സർവകലാശാല ഇൻസ്ട്രുമെന്റേഷൻ എൻജിനിയറായ സാജിദിനെ സസ്പെൻഡ് ചെയ്യുകയും, ജൂണിയർ എൻജിനിയറായി തരം താഴ്ത്തുകയും ചെയ്ത സിൻഡിക്കറ്റ് തീരുമാനം റദ്ദാക്കിയ ഗവർണറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാനുള്ള നീക്കമാണ് വൈസ് ചാൻസലർ തടഞ്ഞത്.
സർവകലാശാല നിയമം അനുസരിച്ച് ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെതിരേ വിസിയോ സിൻഡിക്കറ്റോ നടപടി എടുത്താൽ അതിനെതിരേ അപ്പീൽ പോകാൻ ആ ഉദ്യോഗസ്ഥന് അവകാശമുണ്ട്. അപ്പീൽ അധികാരിയായ ചാൻസലർ അപ്പീലിൽ തീർപ്പാക്കിയ ശേഷം അതിനെതിരേ കോടതിയെ സമീപിക്കാൻ വിസിയെയോ സിൻഡിക്കറ്റിനെയോ നിയമം അനുവദിക്കുന്നില്ല.