ലിസി ആശുപത്രിയിൽ എഐ സാങ്കേതികവിദ്യയില്‍ ചികിത്സ; 68കാരിക്കു സൗഖ്യം
Thursday, July 18, 2024 3:25 AM IST
കൊച്ചി: പള്‍മണറി എംബോളിസത്തിന് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ ഊന്നിയ ആധുനിക ചികിത്സ ഫോര്‍ട്ടുകൊച്ചി സ്വദേശിനിയായ 68 കാരിയിൽ വിജയകരമായി പൂര്‍ത്തിയാക്കി ലിസി ആശുപത്രി. കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ ഇവര്‍ എംബോളിസം സംശയിക്കപ്പെട്ട് ലിസിയില്‍ ചികിത്സ തേടുകയായിരുന്നു.
ശസ്ത്രക്രിയ നടത്തി അധിക ദിവസം ആകാതിരുന്നതുകൊണ്ട് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതിന് പരിമിതികള്‍ ഉണ്ടായിരുന്നു. മരുന്നുകള്‍ ഉപയോഗിച്ചു ചികിത്സ തുടങ്ങിയെങ്കിലും രോഗിയുടെ അവസ്ഥ കൂടുതല്‍ മോശമായി. ഇതേത്തുടര്‍ന്ന് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മെക്കാനിക്കല്‍ ത്രോമ്പേക്ടമി ചികിത്സ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
ഈ ചികിത്സയിലൂടെ ഏകദേശം 20 സെന്റിമീറ്റര്‍ നീളമുള്ള രക്തക്കട്ടകളാണ് രോഗിയുടെ രണ്ട് പള്‍മണറി ധമനികളില്നിന്നും പുറത്തെടുത്തത്. സാധാരണരീതിയില്‍ രണ്ടു ലിറ്ററോളം രക്തനഷ്ടം ഉണ്ടാകുന്നിടത്ത് ഈ നൂതന ചികിത്സാരീതി ഉപയോഗിച്ചതുകൊണ്ട് 400 മില്ലി ലിറ്റര്‍ രക്തനഷ്ടം മാത്രമാണുണ്ടായത്.
ഡോ. ജോ ജോസഫ്, ഡോ. ലിജേഷ് കുമാര്‍, ഡോ. ജി.വി.എന്‍. പ്രദീപ്, ഡോ. എച്ച്. ശ്രീജിത്ത്, എ.ജെ. വില്‍സണ്‍, ജിബിന്‍ തോമസ്, സിസ്റ്റര്‍ ബെറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നൂതന ചികിത്സയില്‍ പങ്കാളികളായത്. ചികിത്സയ്ക്കു നേതൃത്വം നൽകിയവരെ ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന് അഭിനന്ദിച്ചു.
എന്താണ് എംബോളിസം?
കാലുകളിലെ ഞരമ്പുകളില്‍ ഉണ്ടാകുന്ന രക്തക്കട്ടകള്‍ ഹൃദയത്തിന്റെ വലതുവശത്തെ അറകളിലൂടെ സഞ്ചരിച്ച് ശ്വാസകോശത്തിന്റെ രക്തധമനികളില്‍ പെട്ടെന്ന് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പള്‍മണറി എംബോളിസം. അടിഞ്ഞുകൂടുന്ന രക്തക്കട്ടയുടെ തോതനുസരിച്ച് പെട്ടെന്നുള്ള മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയാണിത്. ഈ രക്തക്കട്ടകളെ മരുന്നുകള്‍ കൊണ്ട് ലയിപ്പിച്ചു കളയുക എന്നതാണു കാലാകാലങ്ങളായി നിലനില്‍ക്കുന്ന ചികിത്സാരീതി.
എന്നാല്‍ ഇത്തരം രക്തക്കട്ടകളെ പലവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു വലിച്ചെടുത്ത് കളയുന്ന ചികിത്സാരീതികള്‍ പുതിയതായി നടപ്പാക്കി വരുന്നുണ്ട്. ഇത്തരം ചികിത്സകളില്‍ വളരെ വലിപ്പം കൂടിയ ട്യൂബുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് വലിയതോതിൽ രക്തനഷ്ടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഇത് ഒഴിവാക്കാനായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ കുഴലുകള്‍ പുതിയതായി രൂപകല്പന ചെയ്തിട്ടുണ്ട്. പെനമ്പറ എന്നാണ് അറിയപ്പെടുന്നത്. ഈ സംവിധാനം ഉപയോഗിക്കുമ്പോള്‍ എഐ അസിസ്റ്റഡ് കത്തീറ്ററുകള്‍ രക്തക്കട്ടകളുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ മാത്രം പ്രവര്‍ത്തനക്ഷമമാകുകയും രക്തവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ വലിച്ചെടുക്കല്‍ പ്രക്രിയ തനിയെ നില്‍ക്കുകയും ചെയ്യുന്നു. രക്തം നഷ്ടപ്പെടാനുള്ള സാധ്യത അതുവഴി ഗണ്യമായി കുറയുന്നു.