കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; അരക്കോടിയുടെ സ്വർണവുമായി നാദാപുരം സ്വദേശി പിടിയിൽ
1373866
Monday, November 27, 2023 4:17 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. അരക്കോടിയിലധികം രൂപയുടെ സ്വർണവുമായി കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുൾ റഹീമാണ് കസ്റ്റംസന്റെ പിടിയിലായത്. മസ്ക്കറ്റിൽനിന്നും കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു അബ്ദുൾ റഹീം.
ചെക്ക് ഇൻ പരിശോധനയിൽ കസ്റ്റംസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. 60 ലക്ഷത്തിലധികം രൂപ വിലവരുന്ന 984 ഗ്രാം സ്വർണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളിക മാതൃകയിലാക്കി ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു. 1073 ഗ്രാം ഭാരമുള്ള നാല് ഗോൾഡ് കോമ്പൗണ്ട് ക്യാപ്സ്യൂളുകളിൽനിന്നാണ് സ്വർണം വേർതിരിച്ചെടുത്തത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വി.പി.ബേബി, സൂപ്രണ്ടുമാരായ ഗീതാകുമാരി, സുമിത് കുമാർ, ദീപക് കുമാർ, ഇൻസ്പെക്ടർമാരായ പി.എം.സിലീഷ്, വി.അനുപമ, രവിചന്ദ്ര, ഹവിൽദാർ കൃഷ്ണവേണി, വനിതാ സെർച്ചർ സുബിന, അസിസ്റ്റന്റ് ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി സ്വർണം
കണ്ടെത്തിയത്.