കൊക്കായിപാലം താത്കാലിക അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്തു
1569860
Tuesday, June 24, 2025 1:59 AM IST
ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി-നടുവിൽ റോഡിലെ കൊക്കായിപാലം താത്കാലിക അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്തു. തോട്ടിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം റോഡ് ഒലിച്ചുപോയിരുന്നു. നാട്ടുകാരുടെ സമ്മർദത്തെ തുടർന്ന് സജീവ് ജോസഫ് എംഎൽഎ ഇടപെട്ടതിനെ തുടർന്നാണ് കോൺക്രീറ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച ബസുകളടക്കം കടന്നുപോയതിന് ശേഷം വലിയ ലോറി കയറിയപ്പോൾ റോഡിന്റെ അടിഭാഗത്ത് സ്ഥാപിച്ച പൈപ്പുകൾ പൊട്ടിയതോടെയാണ് ശക്തമായ കുത്തൊഴുക്കിൽ റോഡ് ഒലിച്ചുപോയത്. കൊക്കായിയിൽ പാലം പൂർത്തിയാകാൻ ഇനിയും സമയമെടുക്കും.
കൊക്കായിയിലെ ദുരിതം കാരണം ചെമ്പന്തൊട്ടി ടൗൺ ഒറ്റപ്പെട്ടിരുന്നു. മറ്റ് റോഡുകൾ വഴി ചുറ്റികറങ്ങിയാണ് വാഹനങ്ങൾ ലക്ഷ്യത്തിലെത്തുന്നത്. സ്കൂൾ തുറന്നതോടെ രണ്ടു പാലങ്ങളുടെ അപ്രോച്ച് റോഡുകൾ തകർന്നതും ഗതാഗത സ്തംഭനവും വിദ്യാർഥികൾക്കും സ്കൂൾ അധികാരികൾക്കും ദുരിതമായത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
കാലവർഷം കഴിഞ്ഞാലുടൻ ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിലെ യാത്രാദുരിതം പരിഹരിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികളും രാഷ്ട്രീയ പ്രതിനിധികളും.