ഒരു തൈ നടാം, ഓര്‍മയുടെ ഒരു തണല്‍ നടാം; ഓര്‍മമരം നട്ട് ജില്ലാ പഞ്ചായത്തംഗങ്ങള്‍
1569862
Tuesday, June 24, 2025 1:59 AM IST
കണ്ണൂർ: "കാലാവസ്ഥാ വ്യതിയാനത്തിന് മരമാണ് മറുപടി' എന്ന മുദ്രാവാക്യവുമായി ജില്ലാ പഞ്ചായത്തിലെ 35 അംഗങ്ങളും ഓര്മ മരങ്ങള്‍ നട്ടു. മയ്യില്‍ പഞ്ചായത്തിലെ ചട്ടുകപ്പാറ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപമുള്ള ആരൂഡം കാമ്പസിലാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഓര്മ മരം നട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ആദ്യ തൈ നട്ടു. മുഴുവന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ഓര്മ മരം നട്ടു.
35 ഫലവൃക്ഷ തൈകളാണ് നട്ടത്. ഒരു തൈ നടാം-വൃക്ഷവത്കരണ പരിപാടിയുടെ ഭാഗമായാണ് ഫലവൃക്ഷത്തൈകള്‍ നട്ടത്. സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് സെപ്റ്റംബര്‍ മാസത്തോടെ ഒരുകോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "ഒരു തൈ നടാം' കാമ്പയിന് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിനോയ് കുര്യന് അധ്യക്ഷത വഹിച്ചു.