പിറവം: ഒഴുക്കിനെതിരെ തുഴയുന്ന പിറവം വള്ളംകളി മത്സരം ഇന്ന് നടക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണിലെ നാലാം മത്സരത്തിന് ഒരുക്കം പൂർത്തിയായി.
ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ പുഴയിൽ ഒഴുക്കിനെതിരെ ചുണ്ടൻ വള്ളങ്ങളും പ്രദേശിക വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളും തുഴയെറിയും. പിബിസി തുഴയുന്ന വീയപുരം ചുണ്ടനാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. നെഹ്റുട്രോഫി, കൊച്ചി മറൈന്‍ ഡ്രൈവ്, കോട്ടപ്പുറം കായല്‍ എന്നിവിടങ്ങളിൽ മുന്നേറിയാണ് പിബിസി ഒന്നാമതെത്തിയത്.
സിബിഎല്ലില്‍ കാണികള്‍ക്ക് മിഴിവേകുന്ന മത്സരട്രാക്ക് കൂടിയാണ് പിറവത്തേത്. ഇരുകരകള്‍ക്കും നല്ല പൊക്കമുള്ളതിനാല്‍ കാണികള്‍ക്ക് സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ മത്സരം തടസമില്ലാതെ കാണാനാകും.
പിറവത്തെ ആര്‍ച്ച് പാലത്തില്‍ നിന്ന് മനോഹരമായ ദൃശ്യാനുഭവം നൽകും. ചുണ്ടൻ വള്ളങ്ങളിൽ ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (വീയപുരം) പിബിസി, കോസ്റ്റ് ഡോമിനേറ്റേഴ്സ്(നടുഭാഗം) യുബിസി, മൈറ്റി ഓര്‍സ്(നിരണം) എന്‍സിഡിസി, ബാക്ക് വാട്ടര്‍ വാരിയേഴ്സ്(ചമ്പക്കുളം)കുമരകം ടൗണ്‍ ബോട്ട്ക്ലബ്, റേജിംഗ് റോവേഴ്സ് (മഹാദേവിക്കാട്) പോലീസ് ബോട്ട് ക്ലബ്, തണ്ടര്‍ ഓര്‍സ്(പായിപ്പാടൻ)കെബിസി-എസ്എഫ്ബിസി, റിപ്പിള് ബ്രേക്കേഴ്സ്(കാരിച്ചാൽ) പുന്നമട ബോട്ട് ക്ലബ്, ബാക്ക് വാട്ടര്‍ കിംഗ്സ്(സെന്റ് പയസ്)നിരണം ബോട്ട് ക്ലബ്, പ്രൈഡ് ചേസേഴ്സ്(ആയാപറമ്പ് പാണ്ടി) വിബിസി എന്നിവയും,
പ്രാദേശിക വള്ളംകളിയിൽ പിറവം കാവിലമ്മ റോഡ് കടവ് ബോട്ട് ക്ലബിന്റെ വെണ്ണക്കലമ്മ, വലിയപണ്ഡിതൻ, പുത്തൻപറമ്പിൽ, പിറവം ബോട്ട് ക്ലബിന്റെ താണിയൻ, ആർ.കെ ടീമിന്റെ പൊഞ്ഞനത്തമ്മ, മുളക്കുളം ബോട്ട് ക്ലബിന്റെ ശ്രീഗുരുവായൂരപ്പൻ, മുളക്കുളം ശ്രീലക്ഷ്മണ ബോട്ട് ക്ലബിന്റെ ശരവണൻ, കക്കാട് കൈരളി ബോട്ട് ക്ലബിന്റെ സെന്റ് ജോസഫ്, പിറവം ത്രീ കിംഗ്സ് ബോട്ട് ക്ലബിന്റെ ശ്രീമുത്തപ്പൻ എന്നീ ഇരുട്ടുകുത്തി വള്ളങ്ങളും മത്സരിക്കും.
പാലത്തിന് സമീപം ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് പിറവം വള്ളംകളിയും സിബിഎല്‍ നാലാം മത്സരവും ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷനാകും.
തോമസ് ചാഴിക്കാടന് എം പി, നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, ജില്ലാകളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കൽ, സിനിമാതാരം ലാലു അലക്സ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇഎംഎസ്, കെ. കരുണാകരൻ, ടി.എം. ജേക്കബ്, ഉമാദേവി അന്തർജനം എവർറോളിംഗ് ട്രോഫികളും സമ്മാനത്തുകയും വിജയികൾക്ക് ലഭിക്കും.