മില്ലുടമകൾ കൊണ്ടുപോയില്ല : കരുമാലൂരിൽ നാലു ടണ്ണോളം നെല്ല് കെട്ടിക്കിടക്കുന്നു
1535341
Saturday, March 22, 2025 4:17 AM IST
കരുമാലൂർ: നെൽക്കൃഷിക്ക് പേരുകേട്ട കരുമാലൂരിൽ നെൽക്കർഷകരുടെ നാലു ടണ്ണോളം നെല്ല് ഒരു മാസമായി കെട്ടിക്കിടക്കുന്നു. നെൽ കർഷകർ ദുരിതത്തിൽ. നെൽ കർഷകരിൽ നിന്നും കിലോഗ്രാമിനു 46 പൈസ വീതം വണ്ടി വാടക നൽകിയില്ലെങ്കിൽ നെല്ല് എടുക്കില്ലെന്നു സപ്ലൈക്കോ അനുവദിച്ച മില്ലുടമകൾ പറഞ്ഞതായാണ് നെൽക്കർഷകരുടെ പരാതി.
കരുമാലൂർ പഞ്ചായത്തിലെ സുദർശനൻ, മോട്ടി കാർത്തികേയൻ, ഷാജി എന്നീ കർഷകരുടെ നെല്ലാണു കൊയ്ത് ഒരു മാസമായിട്ടും മില്ലുടമകൾ കൊണ്ടു പോകാത്തത്. ഇനിയും ഈ സ്ഥിതി തുടരുകയാണെങ്കിൽ നെല്ല് നശിക്കാനും സാധ്യതയുണ്ട്. കരുമാലൂരിലെ മറ്റു പാടശേഖരങ്ങളിലെ കൊയ്ത്തും ആരംഭിച്ചിട്ടുണ്ട്. അതിനാൽ മറ്റുള്ള കർഷകരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
സർക്കാർ തീരുമാന പ്രകാരം സപ്ലൈക്കോ അലോട്ട് ചെയ്ത മില്ലുകളിലേക്കാണു സാധാരണ നെല്ല് സംഭരണം നടക്കുന്നത്. പണം നൽകാതെയാണ് കാലങ്ങളായി നെല്ല് കർഷകരിൽ നിന്ന് നെല്ല് സംഭരണം നടക്കുന്നത്.
എന്നാൽ ഇതിനു മുൻപ് ഇത്തരത്തിൽ ഒരു പരാതി ഉയർന്നിട്ടില്ലെനാണ് കരുമാലൂർ പാടശേഖരസമിതിയുടെ വാദം. പണം ആവശ്യപ്പെട്ട വിവരം ശ്രദ്ധയിൽ പെട്ടില്ലെന്നും അടുത്തദിവസം തന്നെ സംഭരിച്ചു വച്ച നെല്ല് എടുക്കാനായി മില്ലുടമകൾ എത്തുമെന്നുമാണു കരുമാലൂർ കൃഷി ഓഫീസർ എൽസ ഗൈൽസ് പറഞ്ഞത്.