ഇടംവലംനോക്കില്ല വിദേശികളെ വെട്ടിനീക്കും
ബിനു ജോര്‍ജ്
Friday, September 5, 2025 6:44 AM IST
കോഴിക്കോട്: കേരളത്തിലെ വനങ്ങളുടെ സ്വാഭാവികത നശിപ്പിച്ച് വളര്‍ന്നു പന്തലിച്ച വിദേശയിനം സസ്യങ്ങളും മരങ്ങളും പരിസ്ഥിതി നാശത്തിനും വന്യജീവിശല്യത്തിനും കാരണമാകുന്നുവെന്ന കണ്ടെത്തലുകളെത്തുടര്‍ന്ന് പ്രശ്നപരിഹാരത്തിനായി വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്മെന്റ്) തയാറാക്കിയ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.
സ്വാഭാവിക വനം പുനഃസ്ഥാപനം സംബന്ധിച്ച നയരേഖ 2021ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് നയരേഖ നടപ്പിലാക്കാനാവശ്യമായ കരടുനിര്‍ദേശങ്ങളാണ് അടുത്തിടെ വനംവകുപ്പ് സമര്‍പ്പിച്ചത്. ഇത് അംഗീകരിച്ച സര്‍ക്കാര്‍ വനങ്ങളിലെ യൂക്കാലിപ്റ്റസ്, വാറ്റില്‍, അക്കേഷ്യ ഓറിക്കുലി ഫോര്‍മിസ്, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ വിദേശയിനം മരങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യാന്‍ അനുമതി നല്കി.
വ്യാവസായിക തോട്ടങ്ങളായി നട്ടുവളര്‍ത്തിയ വിദേശയിനം മരങ്ങള്‍ നീക്കം ചെയ്ത ശേഷം ആ പ്രദേശങ്ങളില്‍ പുല്‍മേടുകളോ സ്വാഭാവിക വനങ്ങളോ പുനഃസ്ഥാപിക്കുന്നതിനും തദ്ദേശീയ വൃക്ഷത്തൈകള്‍ നടുന്നതിനുമാണ് അനുമതി. കേരളത്തില്‍ 1960 മുതല്‍ സ്വാഭാവിക വനങ്ങള്‍ വെട്ടിനീക്കി ആ സ്ഥലങ്ങളിലും പുല്‍മേടുകളിലും വിദേശമരങ്ങള്‍ നട്ടുപിടിപ്പിച്ച വനംവകുപ്പാണ് അതിന്റെ പ്രത്യാഘാതം മനസിലാക്കി ഒടുവില്‍ തെറ്റുതിരുത്താന്‍ മുന്നോട്ടു വന്നിരിക്കുന്നത്.
കേരളത്തിലെ വനങ്ങളിലെ 30,000 ഹെക്ടര്‍ സ്ഥലത്ത് യൂക്കാലിപ്റ്റസ്, വാറ്റില്‍, അക്കേഷ്യ ഓറിക്കുലിഫോര്‍മിസ്, അക്കേഷ്യ, മാഞ്ചിയം എന്നീ വിദേശയിനം മരങ്ങള്‍ വളരുന്നുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. ഇത് വനവിസ്തൃതിയുടെ 2.6 ശതമാനം വരും. ഇവ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും ദോഷകരമായതിനാല്‍, വാറ്റില്‍ 1995നുശേഷവും അക്കേഷ്യ ഓറിക്കുലിഫോര്‍മിസ്, അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് എന്നിവ 2018നുശേഷവും നടുന്നത് വനം വകുപ്പ് നിര്‍ത്തലാക്കിയിരുന്നു.
വിദേശയിനം മരങ്ങളുടെ അതിപ്രസരം കാരണം സ്വാഭാവിക വനങ്ങളുടെ നാശത്തിലൂടെ ആവാസവ്യവസ്ഥയ്ക്കു കോട്ടം തട്ടുമ്പോഴാണ് തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നത്. സ്വാഭാവിക വനം പുനഃസ്ഥാപനത്തിലൂടെ വന്യജീവി ശല്യത്തിന് ഒരു പരിധിവരെ കുറവുണ്ടാകുമെന്നാണു കണക്കുകൂട്ടല്‍.
പുതിയ ഉത്തരവ് പ്രകാരം വര്‍ക്കിംഗ് പ്ലാനിനു വിധേയമായി ആവര്‍ത്തനം (റൊട്ടേഷന്‍) പൂര്‍ത്തിയായ തോട്ടങ്ങളിലെ വിദേശയിനം മരങ്ങള്‍ മുറിച്ചുമാറ്റി സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടും. മുറിച്ചുമാറ്റുന്ന സ്ഥലങ്ങളില്‍ തദ്ദേശീയ മരങ്ങളും അവയുടെ തൈകളും നിലനിര്‍ത്തും. അതുവഴി സ്വാഭാവിക വനം സൃഷ്ടിക്കപ്പെടും. തദ്ദേശീയ വൃക്ഷസമ്പത്തിനു ഭീഷണിയായ കമ്മ്യുണിസ്റ്റ് പച്ച, പൂച്ചെടി, ആനത്തൊട്ടാവാടി, കലരി എന്ന കള സസ്യങ്ങളും തൊടലിമുള്ള്, ഇഞ്ചമുള്ള്, പുല്ലാനി, ധൃതരാഷ്ട്രപ്പച്ച, വിഷപ്പയര്‍ എന്നീ വള്ളിപ്പടര്‍പ്പുകളും പൂര്‍ണമായും നീക്കം ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍
• യൂക്കാലിപ്റ്റസ്: 50 ശതമാനത്തിലധികം സ്റ്റോക്കുള്ള യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍ 14 വര്‍ഷം വരെ തടിയുത്പാദനത്തിനായി നിലനിര്‍ത്താം. ഈ സമയം പൂര്‍ത്തിയാകുമ്പോള്‍ ഇവ മുറിച്ചുമാറ്റുകയും തുടര്‍ന്ന് യൂക്കാലിപ്റ്റസ് വളരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും.
•അക്കേഷ്യ: എട്ടു മുതല്‍ 10 വര്‍ഷം വരെ പ്രായമുള്ള തോട്ടങ്ങള്‍ മുറിച്ച് മാറ്റും. 10 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള തോട്ടങ്ങള്‍ 20 വര്‍ഷം വരെ നിലനിര്‍ത്താം.
2മാഞ്ചിയം: എല്ലാ മാഞ്ചിയം തോട്ടങ്ങളും ആവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്കു മുറിച്ചുമാറ്റണം.
• വാറ്റില്‍: എല്ലാ വാറ്റില്‍ തോട്ടങ്ങളും ആവര്‍ത്തനം പൂര്ത്തിയാക്കിയവയായതിനാല് വര്‍ക്കിംഗ് പ്ലാനിന് വിധേയമായി മുറിച്ചുമാറ്റും. വാറ്റിലിന്റെ വിത്തുകള്‍ക്ക് 50 വര്‍ഷം വരെ മുളയ്ക്കാനുള്ള കഴിവുള്ളതിനാല്‍ അഗ്നിസംരക്ഷണം തുടരണം.
പുതിയ തൈകള്‍ നടുന്നതിനു മുമ്പ് തോട്ടങ്ങളില്‍ തീയിടാന്‍ പാടില്ല. തീയിടുന്നത് അക്കേഷ്യ മാഞ്ചിയത്തിന്റെയും ഓറിക്കുലിഫോര്മിസിന്റെയും വിത്തുകള്‍ വ്യാപകമായി മുളയ്ക്കുന്നതിനു കാരണമാകും.
അക്കേഷ്യയുടെ തൈകള്‍ കൈകൊണ്ട് പിഴുതുമാറ്റുകയും വലിയ തൈകള്‍ തൂമ്പ ഉപയോഗിച്ച് നീക്കം ചെയ്യുകയും വേണം. അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങളുടെ ചുറ്റുമുള്ള തൊലി ചെത്തി മരം ഉണക്കി നശിപ്പിക്കണം. മുറിച്ചാല്‍ അവ ശക്തിയായി വീണ്ടും വളരാന്‍ സാധ്യതയുണ്ട്.
യൂക്കാലിപ്റ്റസ് കുറ്റികളില്‍നിന്ന് വരുന്ന കിളിര്‍പ്പുകള്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും കൈകൊണ്ട് അടര്‍ത്തി മാറ്റണം.