ബാരാപോളിൽ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു
1565424
Saturday, June 7, 2025 1:36 AM IST
ഇരിട്ടി: മഴ നേരത്തേ ലഭിച്ചതോടെ ബാരോപോൾ ചെറുകിട ജലവൈദ്യുതി പദ്ധതിയിൽ വൈദ്യുതി ഉത്പാദനം പുനഃരാരംഭിച്ചു.
മഴക്കാലത്ത് മാത്രം വൈദ്യുതി ഉത്പാദനം നടത്തുന്ന ഇവിടുത്തെ കനാൽ ചോർച്ച ഉൾപ്പടെയുള്ള ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കിയാണ് ഉത്പാദനം പുനരാരംഭിച്ചത്. കഴിഞ്ഞ വർഷം ജൂൺ 24 നായിരുന്നു ബാരാപോളിൽ വൈദ്യുതി ഉത്പാദനമാരംഭിച്ചത്. ഇത്തവണ തുടക്കത്തിൽ തന്നെ ശക്തമായ മഴ ലഭിച്ചതിനാൽ പുഴയിലെ നീരൊഴുക്ക് വർധിച്ചപ്പോൾ തന്നെ ഉത്പാദനം ആരംഭിക്കുകയായിരുന്നു.
അഞ്ചു മെഗാവാട്ടിന്റെ മൂന്നു ജനറേറ്ററുകളാണ് ഇവിടുള്ളത്. അഞ്ച് മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കാനുള്ള വെള്ളമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. മഴ ഇനിയും ശക്തിപ്പെടുന്നതോടെ മറ്റഅ മൂന്നു ജനറേറ്ററുകളും പ്രവർത്തിപ്പിക്കും.
കർണാടകയിലെ കുടക് മലനിരകളിൽ നിന്നാണ് ബാരാപോൾ പുഴ ആരംഭിക്കുന്നത്. കർണാടക വനമേഖലയിലും മഴ ശക്തമായതാണ് ഇത്തവണ വൈദ്യുതി ഉത്പാദനം നേരത്തെ ആരംഭിക്കാൻ സഹായിച്ചത്.
പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ബാരാപോളിൽ നിന്നും ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 43.98 യൂണിറ്റായിരുന്നു ഉത്പാദനം. 2021 ൽ ഏറ്റവും കൂടിയ മഴ ലഭിച്ചതിനാൽ 49.83 ദശ ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചതാണ് റിക്കാർഡ് .
ഒൻപത് വർഷം മുന്പ് പ്രവർത്തനം തുടങ്ങിയെങ്കിലും 2017 ൽ മാത്രമാണ് പ്രതിവർഷ ഉത്പാദന ലക്ഷ്യത്തിലേക്ക് ഉയർത്താൻ സാധിച്ചിരുന്നുള്ളൂ. 2017 ൽ 40 ദശ ലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനായതോടെ പദ്ധതി കെഎസ്ഇബിക്ക് വൻ പ്രതീക്ഷയാണ് നൽകിയത്.
തുടർന്നുള്ള രണ്ടു വർഷങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വൻ നാശനഷ്ടം ഉണ്ടാക്കിയതിനാൽ ഈ വർഷങ്ങളിൽ ഉത്പാദനം നടത്താനായിരുന്നില്ല. 2020 ൽ 28.96 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു ഉത്പാദനം. ഇക്കുറി 50 ദശ ലക്ഷം യൂണിറ്റ് ഉത്പാദനം എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണു അധികൃതർ പ്രതീക്ഷിക്കുന്നത്.