ആക്രമണശ്രമത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് മൂന്നാംനിലയില്‍ നിന്നുവീണ് ഗുരുതരപരിക്ക്
1565224
Friday, June 6, 2025 2:10 AM IST
ബദിയഡുക്ക: മണ്ണിറക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനും ആക്രമണശ്രമത്തിനുമിടയില് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നു വീണു ഗുരുതരമായി പരിക്കേറ്റു. നെക്രാജെ ഉദംപാറ പിലിക്കൂടലിലെ പി.കെ.അഷ്റിനാണ് (44) പരിക്കേറ്റത്. ഇയാള്‍ നല്കിയ പരാതിയില്‍ വിദ്യാഗിരിയിലെ ഹര്‍ഷിദ്, കുബംഡാജെയിലെ ഫാറൂഖ്, താഴെനെക്രയിലെ സയ്യിദ് എന്നിവര്‍ക്കെതിരെ ബദിയഡുക്ക പോലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ നാലിന് ബദിയഡുക്ക മീത്തല്‍ ബസാറിലാണ് സംഭവം.
മണ്ണിറക്കുന്നതിനെ ചൊല്ലി അഷ്റഫും മറ്റു മൂന്നുപേരും വാക്കുതര്‍ക്കം ഉണ്ടാവുകയും ഒന്നാം പ്രതിയായ ഹര്‍ഷാദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇയാൾ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ പ്രാണരക്ഷാര്‍ഥം പണി നടക്കുന്ന മൂന്നു നില കെട്ടിടത്തിലേക്ക് ഓടി കയറിയപ്പോള്‍ താഴേക്ക് വീണു അഷ്റഫിനു പരിക്കേറ്റുവെന്നാണ് പോലീസ് പറയുന്നത്.