ജനപ്രതിനിധികളെ കൈയേറ്റം ചെയ്തതിൽ എൽഡിഎഫ് പ്രതിഷേധം
1565133
Thursday, June 5, 2025 7:50 AM IST
കാർത്തികപുരം: ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പഞ്ചായത്ത് പ്രസിഡന്റിനെയും മറ്റ് അംഗങ്ങളെയും കൈയേറ്റം ചെയ്തതായി ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഉദയഗിരി പഞ്ചായത്ത് കമ്മിറ്റി കാർത്തികപുരം ടൗണിൽ പ്രകടനവും പൊതു യോഗവും നടത്തി.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, മെംബർമാരായ ഷീജ വിനോദ്, കെ.പി. സിനി, എം.എൻ. ബിന്ദു, കെ.ടി. സുരേഷ് കുമാർ, വി.സി. പ്രകാശ് എന്നിവരെ കോൺഗ്രസ് നേതാക്കളായ ബെന്നി പീടിയേക്കൽ, ബിജു പുളിയംതൊട്ടി . സാബു വെള്ളമറ്റം, ബെന്നി കണ്ണോളിൽ, ടോമി വെട്ടുകാട്ടിൽ,അജിത് വരിക്ക മാക്കൽ തുടങ്ങിയവർ തടഞ്ഞ് കൈയേറ്റം ചെയ്തുവെന്നാണ് എൽഡിഎഫ് ആരോപണം.
ഉച്ചകഴിഞ്ഞ് രണ്ടിന് പഞ്ചായത്ത് ഭരണസമിതിയോഗം നടക്കുന്നതിനാൽ മന:പൂർവം സംഘർഷം സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമം നടത്തിയതായും എൽഡിഎഫ് ആരോപിച്ചു. എൽഡിഎഫ് പ്രതിഷേധ യോഗം സിപിഎം ഏരിയ സെക്രട്ടറി സാജൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ആർ. രതീഷ് അധ്യക്ഷത വഹിച്ചു. കെ.എസ്. ചന്ദ്രശേഖരൻ, ബിന്ദു ഷാജു, വി.ബി. രാജേഷ് കെ.ടി. സുരേഷ് കുമാർ, ഇ.വി. ജോയി എന്നിവർ പ്രസംഗിച്ചു.