ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ആറു മുതൽ
1564701
Wednesday, June 4, 2025 2:10 AM IST
കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന 19-ാമത് പുസ്തകോത്സവം ആറു മുതൽ ഒന്പത് വരെ കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നടക്കും. ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് എഴുത്തുകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. വി. ശിവദാൻ എംപി അധ്യക്ഷത വഹിക്കും. ആദ്യവില്പന മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിക്കും.
പുസ്തകോത്സവത്തിൽ കേരളത്തിലെ വലുതും ചെറുതുമായ 173 പ്രസാധകരുടെ 146 സ്റ്റാളുകളുണ്ടാകും. ഉദ്ഘാടന പരിപാടിക്ക് ശേഷം റീഡിംഗ് തീയറ്റർ അരങ്ങേറും. ഏഴ്, എട്ട് ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ എഴുത്തുകാർക്ക് വേദിയിൽ വച്ച് തങ്ങളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് സർഗാത്മക സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സെമിനാർ നടക്കും. കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ലൈബ്രേറിയൻസ് സംഗമം മുൻ മന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. ഒന്പതിന് രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിക്കും.
എല്ലാ ദിവസവും രാവിലെ ഒന്പത് മുതൽ രാത്രി ഏഴുവരെയാണ് പുസ്തകോത്സവത്തിലെ സ്റ്റാളുകൾ പ്രവർത്തിക്കുക. പത്രസമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, ജോയിന്റ് സെക്രട്ടറി വി.കെ.പ്രകാശിനി, എക്സിക്യുട്ടീവ് അംഗം പി. ജനാർദനൻ, മീഡിയാ കമ്മിറ്റി കൺവീനർ കെ.ടി. ശശി എന്നിവർ പങ്കെടുത്തു.