പേരട്ട-മട്ടിണി റോഡിൽ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ
1564215
Monday, June 2, 2025 2:15 AM IST
ഇരിട്ടി: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പേരട്ട-മട്ടിണി റോഡിൽ പുതുതായി നിർമിച്ച കലുങ്കിന്റെ ഉയരത്തിനൊപ്പം റോഡ് ഉയർത്താതെ വന്നതോടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. 50 മീറ്ററോളം ദൂരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കാൽനട യാത്രക്കാർ ഉൾപ്പെടെ ദുരിതത്തിലായി. റോഡ് ഉയർത്തി ഓവുചാൽ നിർമിച്ചാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്നാണു പ്രദേശവാസികൾ പറയുന്നത്.
പുതിയ കലുങ്കിന് ഉയരം കൂടുതൽ ഉള്ളതുകൊണ്ട് ഇതുവഴി കടന്നുപോകുന്ന ചെറിയ വാഹങ്ങളുടെ അടിഭാഗം തട്ടി കേടുപാടുകൾ സംഭവിക്കുന്നത് പതിവാകുകയാണ്. കരിങ്കൽ പൊടിയും മണ്ണും ഇട്ട് താത്കാലികമായി വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ പഞ്ചായത്തംഗം ബിജു വെങ്ങലപ്പള്ളിയുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് റോഡിന്റെ സൈഡിലെ മണ്ണ് മാറ്റിയാണു വെള്ളക്കെട്ട് താത്കാലികമായി ഒഴിവാക്കിയത്. ഈ വിഷയത്തിൽ ജില്ലാ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.