സ്കൂളുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന
1563948
Sunday, June 1, 2025 2:06 AM IST
ചെറുപുഴ: പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേത്യത്വത്തിൽ ചെറുപുഴ പഞ്ചായത്തിലെ സ്കൂളുകളിൽ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന നടത്തി. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളുകൾ ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്ന ശുചിത്വ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തിയത്.
സ്കൂളുകളിലെ ക്ലാസ് റൂം, പരിസരം, ടോയ്ലറ്റ്, അടുക്കള, സ്റ്റോർ റൂം എന്നിവ ശുചിയായി സൂക്ഷിക്കുന്നുണ്ടോ എന്നായിരുന്നു പരിശോധന. പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടോ എന്നും കുടിവെള്ള പരിശോധന നടത്തിയോ എന്നും വിലയിരുത്തി.
പരിശോധനയ്ക്ക് പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷെരീഫ്, പബ്ലിക് ഹെൽത്ത് നഴ്സ് എം.എൽ. മനീഷ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൽ.എസ്. അശ്വതി, എ.ജെ. ടിഞ്ചു എന്നിവർ നേതൃത്വം നൽകി.