ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
1563387
Thursday, May 29, 2025 7:57 AM IST
മട്ടന്നൂർ: കൊടോളിപ്രത്ത് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടോളിപ്രത്തെ ഗോകുലത്തിൽ കെ.വി. ബാബു (58), കെ.വി. സജിത (54) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണു സൂചന.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ഇരുവരെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാബുവിനെ കിടപ്പുമുറിയിലും സജിതയെ ഹാളിലെ ഫാനിലുമാണു തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. സജിത ആത്മഹത്യ ചെയ്യാൻ ഫാനിൽ തുണി കെട്ടാൻ കയറിയ കസേരയോ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല. ഇതേത്തുടർന്നു കണ്ണൂരിൽനിന്ന് ഫോറൻസിക് വിഭാഗം വീട്ടിലെത്തി പരിശോധന നടത്തി. സംഭവം നടക്കുമ്പോൾ ബാബുവും സജിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ഭർത്താവിന്റെ വീട്ടിലും മകൻ ഭാര്യവീട്ടിലും പോയിരുന്നു.
ഇന്നലെ ഉച്ചയായിട്ടും വീട് തുറക്കാത്തതിനാൽ സമീപത്ത് താമസിക്കുന്നവർ മകനെ വിവരമറിച്ച് മകൻ വീട്ടിലെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്നു മട്ടന്നൂർ എസ്ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിൽ പോലീസ് എത്തി പരിശോധന നടത്തി.
വിദേശത്തായിരുന്ന ബാബു അഞ്ചുവർഷം മുമ്പാണു നാട്ടിലെത്തിയത്. നേരത്തെ ബാർബർ ജോലി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ ജോലി കുറവായതിനാൽ പോകാറില്ലെന്നു പറയുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്തതിനാൽ പലിശയടക്കം 25 ലക്ഷത്തോളം രൂപയടയ്ക്കാനുണ്ടെന്നും ഇതിന്റെ പ്രയാസമുള്ളതായും പറയുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ദമ്പതികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണു വിവരം. കടം വീട്ടാനായി ഇവരുടെ വീടും സ്ഥലവും വില്പനയ്ക്ക് വച്ചിരിക്കുകയായിരുന്നു.
മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്കരിക്കും. മക്കൾ: സുബിജിത്ത്, ജിബിഷ. മരുമക്കൾ: സുധേഷ്, ശ്രീഷ.
നാരായണൻ-കല്യാണി ദന്പതികളുടെ മകളാണ് സജിത. ആനന്ദകൃഷ്ണൻ, ജയരാജൻ, ശ്രീലത, പരേതനായ സത്യൻ എന്നിവർ സഹോദരങ്ങളാണ്. ഉണ്ണിക്കൃഷ്ണൻ-മാധവി ദന്പതികളുടെ മകനാണ് ബാബു. സഹോദരി: മായ.