മന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് മേഘ കണ്‍സ്ട്രക്ഷന്‍സ്
1563004
Wednesday, May 28, 2025 2:13 AM IST
കാസര്‍ഗോഡ്: ദേശീപാത നിര്‍മാണവുമായി ബന്ധപെട്ട് അപകട ഭീഷണി നിലനില്‍ക്കുന്ന ഇടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി നിര്‍മാണ കമ്പനി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന മന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് മേഘ കണ്‍ട്രക്ഷന്‍ കമ്പനി.
ഇന്നലെ രാവിലെ 10നംകം രണ്ടും മൂന്നും റീച്ചുകളുടെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കണമെന്നായിരുന്നു ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രന്റെ നിര്‍ദേശം. എന്നാല്‍, ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള മൂന്നാം റീച്ചിന്റെ റിപ്പോര്‍ട്ട് നല്കാന് നിര്‍മാണ കരാര്‍ കമ്പനിയായ മേഘ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് തയാറായില്ല. പക്ഷേ, രണ്ടാം റീച്ചിന്റെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് രണ്ടും മൂന്നും റീച്ചുകളുടെ നിര്‍മാണ ചുമതല വഹിക്കുന്ന കമ്പനി ചൊവ്വാഴ്ച രാവിലെ 10നകം നിര്‍മാണ മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളക്കെട്ടും മണ്ണിടിച്ചിലും തടയുന്നതിനുള്ള അടിയന്തരമായി ചെയ്യുന്ന നടപടികളുടെ സമഗ്രമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയത്.
ലഭിച്ച രണ്ടാം റീച്ചിന്റെ റിപ്പോര്‍ട്ട് കളക്ടര്‍ മന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ട് വിലയിരുത്തി മന്ത്രി മുഖ്യമന്ത്രിയെ അറിയിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും വിവരങ്ങള്‍ കൈമാറുമെന്നാണ് മന്ത്രി അറിയിച്ചത്. നിര്‍മാണ കരാര്‍ കമ്പനി ഉദാസീനത തുടര്‍ന്നാല്‍ കരിമ്പട്ടികയില്‍ പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.