കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ
1563631
Friday, May 30, 2025 10:02 PM IST
പയ്യന്നൂർ: നാലുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തി.
രാമന്തളി എട്ടിക്കുളം പള്ളിക്കോളനിയിലെ എം.കെ. ഫസലു റഹ്മാനെ (35) ആണ് ഇന്നലെ രാവിലെ 10.30 ഓടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പള്ളിക്കോളനിയുടെ താഴെയുള്ള ആൾമറയില്ലാത്ത ഉപയോഗശൂന്യമായ കിണറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
പരിസരത്തെ ദുർഗന്ധത്തിന്റെ ഉറവിടം തേടിയെത്തിയവരാണ് കിണറിൽ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ചെറിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പരിസരവാസികൾ പറയുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. എട്ടിക്കുളം പള്ളിക്കോളനിയിലെ അബ്ദുറഹിമാൻ-പരേതയായ സുബൈദ ദന്പതികളുടെ മകനാണ് അവിവാഹിതനായ ഫസലുറഹ്മാൻ. സഹോദരങ്ങൾ: റാഷിദ്, റഷീദ.