യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം: നിർത്താതെ പോയ ടാങ്കർ കസ്റ്റഡിയിൽ
1563366
Thursday, May 29, 2025 7:46 AM IST
കണ്ണൂർ: വളപട്ടണം പാലത്തിനടുത്ത് യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തിൽ നിർത്താതെ പോയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. അപകടം വരുത്തിയതിന് ശേഷം നിർത്താതെ പോയ കെഎൽ 58 സി 9086 നമ്പർ മാലിന്യം കയറ്റിയ മിനി ടാങ്കർ കണ്ണൂർ വാരത്ത് ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുക്കുകയായിരുന്നു.
പാപ്പിനിശേരി ഈന്തോട് ഐശ്വര്യ നിവാസിലെ അഷിൻ (22) ആണ് അപകടത്തിൽ മരിച്ചത്. കണ്ണൂരിൽ നിന്ന് ജോലി കഴിഞ്ഞ് സകൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം.
അർധരാത്രിയോടെ വളപട്ടണം പഴയങ്ങാടി റോഡിനടുത്തായി അഷിൻ സഞ്ചരിച്ച വാഹനത്തെ പിറകിൽ നിന്നെത്തിയ മാലിന്യ ടാങ്കർ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. റോഡിൽ ചോർവാർന്ന നിലയിൽ കണ്ട യുവാവിനെ അതുവഴി കാറിലെത്തിയവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.