പ്രതിഭകൾക്ക് ചെന്പേരിയിൽ ദീപികയുടെ വിജയാദരം
1563445
Friday, May 30, 2025 1:34 AM IST
ചെമ്പേരി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ചെമ്പേരി, ആലക്കോട് മേഖലകളിലെ വിദ്യാർഥികൾക്കും അവരെ മികച്ച വിജയത്തിലേക്ക് നയിച്ച വിദ്യാലയങ്ങൾക്കും മലയാളത്തിന്റെ പ്രഥമ ദിനപത്രമായ ദീപിക, വിദേശ വിദ്യാഭ്യസരംഗത്തെ പ്രമുഖരായ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ ആദരിച്ചു.
ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിലെ മോൺ. ജേക്കബ് വാരികാട്ട് മെമ്മോറിയൽ ഹാളിൽ നടന്ന ‘ആദരം-2025' സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ ആത്മാർഥമായ പ്രയത്നങ്ങൾക്കൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനം കൂടിയാണ് ഇത്രയും മികച്ച വിജയത്തിന് പിന്നിലെന്ന് സജീവ് ജോസഫ് പറഞ്ഞു. വിദ്യാർഥികൾ ഉപരിപഠനത്തിലൂടെ നേടുന്ന അറിവുകൾ നമ്മുടെ നാട്ടിലും പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. ബുദ്ധിയുടെ അനന്ത സാധ്യതകളെ വിരിയിച്ചെടുക്കുന്ന വിദ്യാഭ്യാസത്തിലൂടെ ഓരോരുത്തരുടേയും വ്യത്യസ്തങ്ങളായ കഴിവുകളെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ എല്ലാവരിലും ഉണ്ടായിരിക്കണമെന്ന് ആർച്ച് ബിഷപ് പറഞ്ഞു.
ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ, മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ വെമ്മേനിക്കട്ടയിൽ, ബംഗളൂരു സെന്റ് ബെനഡിക്ട്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജെറോം നടുവത്താനിയിൽ ഒഎസ്ബി, ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് പിആർഒ സെബാസ്റ്റ്യൻ പുത്തൻപുര, സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് റീജണൽ മാനേജർ ലിഷ ബിനു, സെറ്റ അക്കാദമി മാനേജർ സിന്ധു ദിവാകർ, ദീപിക മാർക്കറ്റിംഗ് അസിസ്റ്റന്റ് ജനറൽ മാനേജർ ജോസ് ലൂക്കോസ്, സീനിയർ സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
മുന്നൂറ്റമ്പതിലേറെ വിദ്യാർഥികളെയും മികച്ച വിജയം നേടിയ പതിനെട്ട് സ്കൂളുകളെയും ആദരിച്ചു. പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂൾ, പൈസക്കരി ദേവമാതാ ഹൈസ്കൂൾ, പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, ശ്രീകണ്ഠപുരം ലിറ്റിൽ ഫ്ലവർ സ്കൂൾ, മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ, കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ, പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്കൂൾ, കുടിയാന്മല ഹോളിക്രോസ് പബ്ലിക് സ്കൂൾ, പൂപ്പറമ്പ് ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂൾ, ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ, ചെമ്പേരി സെന്റ് തോമസ് പബ്ലിക് സ്കൂൾ, പൊടിക്കളം മേരി ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ, നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, ചെമ്പേരി നിർമല ഹൈസ്കൂൾ, നടുവിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നടുവിൽ ബിടിഎം ഇംഗ്ലീഷ് മീഡിയം സ്കൂൾ, വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവയാണ് ചെമ്പേരി ആദരവ് ഏറ്റുവാങ്ങിയ സ്കൂളുകൾ. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ന് ചെറുപുഴയിൽ
കണ്ണൂർ: സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച നേട്ടം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ആദരവ് മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെയും വിദേശ വിദ്യാഭ്യാസ രംഗത്തെ അതികായരായ സാന്റാമോണിക്ക സ്റ്റഡി എബ്രോഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് ചെറുപുഴയിൽ നടക്കും. രാവിലെ 9.30ന് ചെറുപുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം ഉദ്ഘാടനം ചെയ്യും. ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് അധ്യക്ഷത വഹിക്കും.