യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
1564222
Monday, June 2, 2025 2:15 AM IST
ചെറുവത്തൂര്‍: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ചെറുവത്തൂര്‍ മാവിലാകടപ്പുറം സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിന് തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി.
കണ്ട്രോള് റൂമില്‍നിന്ന് അത്യാഹിത സന്ദേശം ചെറുവത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് നവീന്‍ കുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് പി.എസ്.റീനമോള് എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി യുവതിയുമായി പയ്യന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലന്‍സ് ഉദിനൂര്‍ ലെവല്‍ ക്രോസിന് സമീപം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് റീനമോള് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്നു മനസിലാക്കി ആംബുലന്‍സില്‍ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.
പുലര്‍ച്ചെ 1.32നു റീന മോളുടെ പരിചരണത്തില്‍ യുവതി കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് റീനാമോള്‍ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്കി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് നവീന്‍ കുമാര്‍ പയ്യന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.