കളിചിരികളുമായി സ്കൂൾ പ്രവേശനോത്സവം
1564451
Tuesday, June 3, 2025 1:56 AM IST
കണ്ണൂർ: വിദ്യാലയമുറ്റത്തു കളിചിരികളുടെ ആരവം. കണ്ണീരും പരിഭ്രമവും വഴിമാറി ബലൂണിന്റെ നിറക്കാഴ്ചകളിൽ അവർ ഒന്നുചേർന്ന് ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. ജില്ലാ സ്കൂൾ പ്രവേശനോത്സവം നടന്ന മീൻകുന്ന് അഴീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെ. വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും എംഎൽഎ നിർവഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അരുൺ. കെ. വിജയൻ മുഖ്യാഥിതിയായി. ബാലതാരം എൻ.പി. പ്രയാൺ വിശിഷ്ടാതിഥിയായി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഷൈനി പ്രവേശനോത്സവ സന്ദേശം നൽകി.
കണ്ണൂർ: ബഡ്സ് സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം കണ്ണപുരം ബഡ്സ് സ്കൂളിൽ എം.വിജിൻ എംഎൽഎ നിർവഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രതി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തുടനീളമുള്ള ബഡ്സ് സ്ഥാപനങ്ങൾ പുതിയ വർഷത്തെ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിച്ചത്.
കോലോത്ത് വയൽ സ്വദേശി അശ്വന്ത് പുതുതായി പ്രവേശനം നേടി. മുഴുവൻ വിദ്യാർഥികൾക്കും ജില്ലാ കളക്ടർ അരുൺ കെ. വിജയൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലയിൽ 32 ബഡ്സ് സ്ഥാപനങ്ങളിലായി 1084 വിദ്യാർഥികളുണ്ട്.