കോൺഗ്രസിന്റെ ഗാന്ധിയാത്ര നാളെ; മലപ്പട്ടത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കും
1565147
Thursday, June 5, 2025 7:50 AM IST
കണ്ണൂർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും സ്മരണകളെ തമസ്കരിക്കുന്ന രീതിയിൽ ചരിത്രം മാറ്റിയെഴുതുന്ന കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളെ തുറന്നുകാട്ടി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധിയാത്ര നാളെ മലപ്പട്ടത്ത് നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. മലപ്പട്ടം സ്ക്വയറിൽ ഗാന്ധി പ്രതിമയും സ്ഥാപിക്കും.
ഗാന്ധിജിയെയും നെഹ്റുവിനെയും ഇകഴ്ത്തി ഇന്ത്യുടെ മഹത്തായ പൈതൃകത്തെ തകർക്കുന്ന രീതിയിൽ അഭിനവ ഗോഡ്സേമാർ വിളയാടുന്ന വർത്തമാന സാഹചര്യത്തിൽ അതിനെതിരായ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിയാത്ര സംഘടിപ്പിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മലപ്പട്ടം ഗവ. സ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന യാത്ര മലപ്പട്ടം സ്ക്വയറിൽ സമാപിക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറമ്പിൽ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തുടങ്ങി പ്രമുഖ നേതാക്കൾ സംബന്ധിക്കും.