ഡയപ്പർ കാമ്പയിന് തുടക്കമായി
1564696
Wednesday, June 4, 2025 2:10 AM IST
കണ്ണൂർ: സമഗ്ര ശിക്ഷാ കേരളം കണ്ണൂർ, ജൂണിയർ ചേംബർ ഇന്റർനാഷണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഡയപ്പർ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസിർ നിർവഹിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന ജില്ലയിലെ കുട്ടികൾക്ക് ആവശ്യമായ ഡയപ്പർ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കിടപ്പിലായ കുട്ടികൾക്ക് വീടുകളിലെത്തി വിദ്യാഭ്യാസം നൽകുക എന്നത് അവരുടെ ജീവിതത്തെ തൊട്ടറിയുന്നതിന് തുല്യമാണെന്ന് എഹ്തെദ മുഫസിർ പറഞ്ഞു. ആരുമറിയാതെ പോകുന്ന ആവശ്യങ്ങൾ കണ്ടറിഞ്ഞ് അതിനുവേണ്ടി പ്രവർത്തിക്കുന്നവരെ അവർ അഭിനന്ദിച്ചു.
കിടപ്പു രോഗികളും ഭിന്നശേഷിക്കാരുമായ നിരവധി വിദ്യാർഥികളാണ് ഡയപ്പർ ഇല്ലാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. ദിവസേന ഉപയോഗിക്കുന്ന എട്ട് ഡയപ്പറുകൾക്ക് 4000 രൂപവരെ ചെലവുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രക്ഷിതാക്കൾക്ക് ഇത്തരം ചെലവുകൾ ബുദ്ധിമുട്ടേറിയതാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹാൻഡ് ഓഫ് ഹോപ്പ് എന്ന പേരിൽ എസ്എസ്കെയുടെയും ജെസിഐയുടെയും നേതൃത്വത്തിൽ ഡയപ്പർ ശേഖരണം നടത്തുന്നതെന്ന് എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഇ.സി. വിനോദ് പറഞ്ഞു.
എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി.കെ. സബിത്ത്, വിദ്യാകിരണം കോ-ഓർഡിനേറ്റർ കെ.സി. സുധീർ, സ്പെഷൽ എഡ്യുക്കേറ്റർ എൻ.എസ്. ധന്യ, ജെസിഐ ജോയിന്റ് ഡയറക്ടർ ഡോ. മേഘ പോത്തൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, ജെസിഐ പ്രതിനിധികളായ സംഗീത അഭയ്, സവിത ഭാസ്കർ, മാജിത, സുറുമി, രശ്മി, റിനിഷ, മേഘ എന്നിവർ പ്രസംഗിച്ചു.