കൊണ്ടൂർ പുഴക്ക് കുറുകെ താത്കാലിക നടപ്പാലം
1564219
Monday, June 2, 2025 2:15 AM IST
ഇരിട്ടി: മലയോര ഹൈവൈയിൽ ആനപ്പന്തിയിൽ പുതിയ പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായി നിർമിച്ച താത്കാലിക പാലം ഒലിച്ചു പോയതിനെ തുടർന്ന് താത്കാലിക നടപ്പാലം നിർമിച്ചു. പുഴയിൽ പൈപ്പുകളിട്ട് നിർമിച്ചിരുന്ന താത്കാലിക പാലം കനത്ത മഴയെ തുടർന്നുള്ള ഒഴുക്കിലായിരുന്നു തകർന്നത്.
ഇന്ന് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ താത്കാലിക നടപ്പാലം പണിതത്. പുഴക്ക് കുറുകെ തെങ്ങിൻ തടികൾ മുറിച്ചിട്ട് പട്ടിക അടിച്ച് ഒരാൾക്ക് നടന്നു പോകാവുന്ന തരത്തിലുള്ള പാലമാണ് നിർമിച്ചിരിക്കുന്നത്.
താത്കാലിക നടപ്പാലം നിർമിച്ചതോടെ ആനപ്പന്തി ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് കിലോമീറ്ററുകൾ സഞ്ചരിക്കാതെ മുതിർന്നവരുടെ സഹായത്തോടെ പാലം കടന്ന് സ്കൂളിലെത്താനാകും.