വായന ശോഷിക്കുകയല്ല, ശക്തിപ്പെടുകയാണ്: എം. മുകുന്ദൻ
1565432
Saturday, June 7, 2025 1:36 AM IST
കണ്ണൂർ: വായന ശോഷിക്കുന്നില്ലെന്നും ശക്തിപ്പെട്ടു വരികയാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന 19-ാമത് പുസ്തകോത്സവം കളക്ടറേറ്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയധികം ഗ്രന്ഥശാല പ്രവർത്തകർ, ബുക്ക് സ്റ്റാളുകൾ, പുസ്തകങ്ങൾ ഇവയൊക്കെ സൂചിപ്പിക്കുന്നത് നമ്മുടെ വായന ശക്തിപ്പെട്ടുവരുന്നു എന്നതാണ്. അതുകൊണ്ട് നമ്മുടെ സമൂഹവും ശക്തിപ്പെടും. വായനയെ കുറിച്ച് നാം ആവലാതിപ്പെടേണ്ടതില്ല. വായനയെ ഗൗരവത്തോടെ കാണുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്.
യുവാക്കളും വിദ്യാർഥികളും വായനയിലേക്ക് തിരിച്ചുവരുന്നുണ്ട്. ഐടി മേഖലയിലുള്ളവരടക്കം പുതിയ ഒരു വായനാ സമൂഹം വളർന്നു വന്നിട്ടുണ്ട്. അമേരിക്കയിൽ നടത്തിയ പഠനം പറയുന്നത് ആളുകൾ സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിച്ച് പുസ്തകങ്ങളിലേക്ക് തിരിച്ചുവരികയാണെന്നാണ്. കേരളത്തിൽ ഒരു പഠനം നടത്തിയാലും ഈ ഫലം തന്നെയായിരിക്കുമെന്നും എം. മുകുന്ദൻ പറഞ്ഞു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. ആദ്യ വില്പന കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ നിന്നും തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രസ്ഥാലയം പ്രവർത്തകർ ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ "അക്ഷരം' ത്രൈമാസിക കെ.പി. മോഹനൻ എംഎൽഎ ഗ്രന്ഥശാല പ്രവർത്തകൻ ഇ.പി.ആർ. വേശാലക്ക് നൽകി പ്രകാശനം ചെയ്തു.
പിഎംഎസ്ഡി കൺവീനർ ടി.കെ. ഗോവിന്ദൻ, സി.എൻ. ചന്ദ്രൻ, കോർപറേഷൻ കൗൺസിലർ പി.കെ. അൻവർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ, അരക്കൻ പുരുഷോത്തമൻ, വി.സി. അരവിന്ദാക്ഷൻ, വൈക്കത്ത് നാരായണൻ, വി. സുജാത, കെ. രാജൻ, ടി. പ്രകാശൻ, പി.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.
നാളെ രാവിലെ 10 മുതൽ വിവിധ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് "സർഗാത്മക സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. എം.കെ. മനോഹരൻ അധ്യക്ഷത വഹിക്കും. പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, താഹ മാടായി, ഡോ. പ്രിയ വർഗീസ് എന്നിവർ സംസാരിക്കും. ആർട്ടിസ്റ്റ് മദനൻ ഒരുക്കുന്ന "എം.ടി. സ്മരണയിൽ വരയും വർത്തമാനവും' നടക്കും.