ആട് വെള്ളം കുടിച്ചതിനെ ചൊല്ലി തർക്കം, സംഘർഷം: രണ്ടുപേർക്കെതിരേ കേസ്
1565429
Saturday, June 7, 2025 1:36 AM IST
തളിപ്പറമ്പ്: അയല്‍ക്കാരിയുടെ ബക്കറ്റില്‍ നിന്ന് ആട് വെള്ളം കുടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വീട് ആക്രമിക്കുകയും ഗൃഹനാഥനെ കത്തിവീശി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർക്കെതിരെ തളിപ്പറന്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് പെരുമളാബാദിലെ തെക്കന്‍ ആയിഷ, മകന് റിനാസ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. കഴിഞ്ഞ മൂന്നിന് വൈകുന്നേരം ആറിനായിരുന്നു സംഭവം.
പയ്യന്നൂര്‍ കൊക്കാനിശേരി സ്വദേശിയും ഇപ്പോള്‍ പെരുമളാബാദ് ഉപ്പുവളപ്പില് താമസക്കാരനുമായ ചേക്കിന്റകത്ത് സി.എച്ച്. ഇഷാക്കിന്റെ (59) പരാതിയിലാണ് കേസെടുത്തത്. ഇഷാക്കിന്റെ വീട്ടില്‍ വളര്‍ത്തുന്ന ആട് ആയിഷ കൊണ്ടു പോകുകയായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ നിന്നും വെള്ളം കുടിച്ചതിന്റെ പേരിലാണ് വഴക്ക് ആരംഭിച്ചത്.
വഴക്കിനിടയില്‍ വീടിന്റെ ജനല്‍ചില്ല് കല്ലെറിഞ്ഞ് തകര്‍ത്ത് 2000 രൂപയുടെ നഷ്ടം വരുത്തുകയും കത്തിവീശി മുഖത്തും ചെവിയിലും പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇഷാക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.