ഏവര്‍ക്കും മാതൃകയാക്കാം ആദിത്യ കര്‍ഷക കൂട്ടായ്മയെ
1396895
Saturday, March 2, 2024 6:42 AM IST
കടുത്തുരുത്തി: കാര്‍ഷിക മേഖലയില്‍ നേരിടുന്ന പ്രതിസന്ധികളും ഇതേത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളും കര്‍ഷക ആത്മഹത്യയുമൊക്കെ പതിവാകുന്ന നാട്ടില്‍ ഏവര്‍ക്കും മാതൃകയാക്കാവുന്ന കര്‍ഷക കൂട്ടായ്മയുടെ ചരിത്രമാണ് കോതനല്ലൂരിലെ ഒരു കൂട്ടം കര്‍ഷകര്‍ക്ക് പറയാനുള്ളത്.
മനസറിഞ്ഞ് മണ്ണില്‍ പണിയെടുത്താല്‍ മതി. നൂറുമേനി വിളവുറപ്പാണ്. പച്ചക്കറി കൃഷിയില്‍ വിജയകരമായി കാല് നൂറ്റാണ്ട് പിന്നിട്ട കര്‍ഷക കൂട്ടായ്മയുടേതാണ് ഈ അനുഭവം. പച്ചക്കറി കൃഷിയില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് കോതനല്ലൂരിലെ ആദിത്യ കര്‍ഷക കൂട്ടായ്മ.
1997ലാണ് പ്രദേശത്തെ അഞ്ച് കര്‍ഷകര്‍ ചേര്‍ന്ന് കൂട്ടായ്മയ്ക്ക് തുടക്കമിടുന്നത്. അഞ്ചുപേരില്‍ കോതനല്ലൂര്‍ മഠത്തിപ്പറമ്പില്‍ ഹരി, അമ്പാട്ടുമലയില്‍ സിബി തോമസ്, നെടുംതൊട്ടിയില്‍ ഷാജി എന്നിവര്‍ ഇപ്പോഴും കൃഷിയില്‍ ജൈത്രയാത്ര തുടരുകയാണ്. കൂട്ടായ്മയിലെ മറ്റു രണ്ടംഗങ്ങളായ മഠത്തിപ്പറമ്പില്‍ പ്രസന്നന്, കളപ്പുരയ്ക്കല്‍ വിജയന് എന്നിവര്‍ ഏതാനും വര്‍ഷം മുമ്പ് കൃഷി ജോലികള്‍ നിര്‍ത്തുകയായിരുന്നു.
2014ല്‍ ആദിത്യ പച്ചക്കറി കൃഷി ഉത്പാദക സംഘം എന്നപേരില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയില്‍ 15 പേര് അംഗങ്ങളായുണ്ട്. ഇവര്‍ പലരും സ്വന്തമായും രണ്ടുപേര്‍ ചേര്‍ന്നും ചെറിയ രീതിയില്‍ കൃഷികള്‍ ചെയ്യുന്നുണ്ട്. നിലവിലുള്ള മൂന്ന് അംഗങ്ങളുടെ നേതൃത്വത്തിലാണ് മാഞ്ഞൂര്‍ പഞ്ചായത്തിലെ അഞ്ച്, ഏഴ് വാര്‍ഡുകളില്‍പ്പെടുന്ന 13 ഏക്കറോളം വരുന്ന പ്രദേശത്ത് പച്ചക്കറി കൃഷി നടത്തുന്നത്. 90 ശതമാനവും പാട്ടത്തിനെടുത്ത സ്ഥലമാണ്.
വിളവെടുപ്പുകളുള്ളപ്പോള് പുലര്‍ച്ചെ നാലിന് തുടങ്ങും ഇവരുടെ കൃഷി പണികള്‍. തുടര്‍ന്ന് വളമിടീല്, നന, പന്തലിടീല്‍ എന്നിങ്ങനെ പല പരിപാടികളാണ്. ഉച്ചയ്ക്കു 12.30ന് അവസാനിപ്പിക്കും. പിന്നീട് 3.30ഓടെ വീണ്ടും കൃഷിയിടത്തില്‍ മടങ്ങിയെത്തും. മൂന്നുപേരില്‍ ആദ്യം ആരെത്തിയാലും പണികളാരംഭിക്കും. മറ്റുള്ളവര്‍ വരാന്‍ കാത്തുനില്ക്കാറില്ല.
അതുപോലെ കൃഷിയാവശ്യങ്ങള്‍ക്കായി പണം മുടക്കുമ്പോള്‍ കൈയിലുള്ളതുപോലെ എടുക്കും. ഇക്കാര്യത്തില്‍ കാര്‍ക്കശ്യങ്ങളില്ല. ഇതെഴുതി വച്ചശേഷം വിളവെടുത്ത് വരുമാനമായി കഴിയുമ്പോള്‍ കൂടുതല്‍ മുടക്കിയാള്ക്കു അതു തിരിച്ചു കൊടുക്കും.
ഇത്രകാലമായി കൃഷിപ്പണികള്‍ ചെയ്യുന്ന മൂവര്‍ക്കുമിടയില്‍ തര്‍ക്കങ്ങളോ വഴക്കോയില്ലായെന്നതാണ് ഇവരുടെ കൂട്ടായ്മയുടെ വിജും മാതൃകയും. കൂട്ടായ്മയുള്ളതിനാല് മറ്റു കാര്യങ്ങളും തടസങ്ങളില്ലാതെ നടത്താനാവുമെന്ന് മൂവരും പറയുന്നു. പാവല്‍, പടവലം, പീച്ചില്‍, ചുരയ്ക്ക, പയര്‍, കുക്കുംബര്‍, കുമ്പളം, മത്തന്‍, ബട്ടര്‍നട്ട്, കപ്പ, വാഴ എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി. ഒരേക്കറിന് 15,000 രൂപ വച്ചാണ് പാട്ടം നല്‍കുന്നത്. ഒരു വര്‍ഷത്തില്‍ മെയ് മുതല്‍ സെപ്റ്റംബര്‍ വരെയും ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുമുള്ള സമയങ്ങളില്‍ രണ്ടുഘട്ടങ്ങളായാണ് കൃഷി നടത്തുക. ഒരു വര്‍ഷം ശരാശരി 10 ലക്ഷത്തോളം രൂപയുടെ പച്ചക്കറി വില്‍ക്കുന്നുണ്ട്. മൂന്ന് മുതല്‍ മൂന്നര ലക്ഷം രൂപ വരെ വര്‍ഷത്തില്‍ ലാഭം കിട്ടാറുണ്ടെന്ന് ഗ്രൂപ്പംഗമായ വിജയന് പറഞ്ഞു. പച്ചക്കറി വിലയിലെ അന്തരമനുസരിച്ചാണ് ഇവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിലും വിത്യാസമുണ്ടാകുന്നത്.
ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികള്‍ മുഴുവനായി സ്വകാര്യ പച്ചക്കറി വ്യാപാരികള്‍ വാങ്ങിക്കൊണ്ടുപോകുന്നതിനാല്‍ വിപണനത്തിന് തടസമില്ലെന്നും കര്‍ഷകര്‍ പറയുന്നു. മാഞ്ഞൂര്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ സഹായം എല്ലാകാര്യത്തിനും ലഭിക്കുന്നത് വലിയ സഹായമാണെന്നും ഇവർ പറയുന്നു. കൃഷിയിടത്തിലെ ജോലികള്‍ എല്ലാംതന്നെ മൂന്നംഗ സംഘമാണ് ചെയ്യുന്നത്.
പച്ചക്കറി കൃഷിക്കു പുറമേ റബര്‍ ടാപ്പിംഗിനും പോകുന്ന മൂവരും പശുക്കളെയും വളര്‍ത്തുന്നുണ്ട്. വേണ്ട രീതിയില്‍ പരിചരിച്ചാല്‍ കൃഷി വിജയകരമാണെന്ന് കാല്‍നൂറ്റാണ്ട് വിജയകരമായി പിന്നിട്ട കര്‍ഷകര്‍ തങ്ങളുടെ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.