വില്പനയ്ക്കായി വിദേശമദ്യം വീട്ടിൽ സൂക്ഷിച്ചയാൾ പിടിയിൽ
1396900
Saturday, March 2, 2024 7:05 AM IST
വൈക്കം: വില്പന നടത്താൻ വീട്ടിൽ സൂക്ഷിച്ച 43 കുപ്പി വിദേശമദ്യം എക്സൈസ് റെയ്ഡിൽ പിടികൂടി. ചെമ്പ് വാലയിൽ മുട്ടുംചിറയിൽ സജിമോനെയാണ് വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഡ്രൈ ഡേയിലും ഉത്സവ ആഘോഷങ്ങളിലും വിൽപ്പന നടത്താൻ സൂക്ഷിച്ച മദ്യമാണ് പിടിച്ചെടുത്തത്.
വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം സജിമോന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ അര ലിറ്റർ വീതമുള്ള 46 കുപ്പി മദ്യം കണ്ടെത്തുകയായിരുന്നു. വൈക്കം, തലയോലപ്പറമ്പ്, മുളന്തുരുത്തി എന്നിവിടങ്ങളിലെ ബിവറേജ് ഷോപ്പുകളിൽനിന്നായി മൂന്ന് ലിറ്റർ വീതം പലതവണകളിലായി വാങ്ങി സംഭരിക്കുകയായിരുന്നു.
46 കുപ്പികളിലായി 23 ലിറ്റർ മദ്യവും 2700 രൂപയും ബിവറേജ് ബില്ലുകളും കണ്ടെത്തി. ഇതിനുമുമ്പും സജിമോനെതിരേ അനധികൃത മദ്യവിൽപന നടത്തിയതായി എക്സൈസിനും പോലീസിനും പരാതി ലഭിച്ചിരുന്നു. എന്നാൽ അന്നു നടത്തിയ പരിശോധനകളിലൊന്നും മദ്യം കണ്ടെത്താനായില്ല. വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എക്സൈസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.പി. റെജി, ആർ. സന്തോഷ്, പ്രിവന്റീവ് ഓഫീസർ അശോക് ബി.നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ. രതീഷ്, അമൽ വി.വേണു, എൻ. ഷെറീന തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു.