കാർഷിക ലോൺ: കർഷകയിൽനിന്ന് അന്യായമായി ഈടാക്കിയ തുകയും പലിശയും നൽകാൻ ഉത്തരവ്
1397013
Sunday, March 3, 2024 5:02 AM IST
കോട്ടയം: കാർഷിക ലോണെടുത്ത കർഷകയിൽനിന്ന് അന്യായമായി ഈടാക്കിയ തുകയും, പലിശയും കോടതി ചെലവും നഷ്ടപരിഹാരവും കൊടുക്കാൻ കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് മൂന്നു ലക്ഷം രൂപ കാർഷിക ലോൺ എടുത്ത ഇടമറുക് സ്വദേശി ജാൻസി ജോർജ് പൈകട എന്ന കർഷകയിൽനിന്ന് ലെറ്റർ ഓഫ് അറേഞ്ച്മെന്റിന് വിരുദ്ധമായി ഹർജിക്കാരിയുടെ അറിവോ സമ്മതമോ യാതൊരു നോട്ടീസും കൂടാതെ അന്യായമായി അപേക്ഷ ലോൺ പ്രോസസിംഗ് ചാർജുകൾ, ഈക്വിറ്റബിൾ മോർട്ട്ഗേജ് ചാർജ്, ടൈറ്റിൽ അന്വേഷണം എന്ന വകയിൽ 15,561.75 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേലുകാവ് മറ്റം ബ്രാഞ്ച് പിരിച്ചെടുത്തതായി കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ കണ്ടെത്തിതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിക്ക് 2023 ജൂൺ മൂന്നു മുതൽ 15,561.75 രൂപയ്ക്ക് ഒന്പതു ശതമാനം പലിശ സഹിതം റീഫണ്ട് ചെയ്യാൻ സ്റ്റേറ്റ് ബാങ്കിനോട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.
കൂടാതെ എതിർകക്ഷിയുടെ സേവനത്തിലെ പോരായ്മയ്ക്കും നഷ്ടപരിഹാരമായും വ്യവഹാരത്തിന്റെ ചെലവായി 5000 രൂപ സഹിതം പരാതിക്കാരന് 25,000 രൂപകൂടി നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിൽ എതിർകക്ഷിയോട് നിർദേശിച്ചു.