കേരളത്തില്‍ റബറിന് വീണ്ടും തിരിച്ചടി
1418156
Monday, April 22, 2024 11:35 PM IST
കോട്ടയം: റബര്‍ ആഭ്യന്തര ഉത്പാദനം 20 ശതമാനം കുറഞ്ഞതിനു പിന്നില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ മാത്രമല്ല ടാപ്പിംഗ് നിർത്തിയ തോട്ടങ്ങളുടെ എണ്ണം കൂടിയതും പ്രധാന കാരണമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ 30 ശതമാനം തോട്ടങ്ങളില്‍ ടാപ്പിംഗ് പൂര്‍ണമായി മുടങ്ങി. കാലവര്‍ഷം വൈകിയതിനാല്‍ 40 ശതമാനം തോട്ടങ്ങളില്‍ ആറു മാസം മാത്രമാണ് ഉത്പാദനം നടന്നത്.
ഏറ്റവും കൂടിയ തോതില്‍ തൊഴിലാളിക്ഷാമം നേരിടുന്ന കാര്‍ഷിക മേഖലയാണ് റബര്‍ എന്നിരിക്കെ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും നടപടിയില്ല. കേരളത്തില്‍ ടാപ്പിംഗ് തൊഴിലാളികളുടെ എണ്ണത്തില്‍ അഞ്ചു വര്‍ഷംകൊണ്ട് 35 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 40 വയസില്‍ താഴെ പ്രായമുള്ള ടാപ്പിഗ് തൊഴിലാളികളുടെ എണ്ണം ആയിരത്തില്‍ താഴെയും. ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ അഭാവത്തില്‍ ഉത്പാദനം പൂര്‍ണമായി നിലച്ചുപോകാവുന്ന കാര്‍ഷിക മേഖലയായി റബര്‍. ഇന്‍സെന്റീവ് നല്കി അതിഥി തൊഴിലാളികളെ എത്തിക്കാനുള്ള മുന്‍ തീരുമാനം റബര്‍ ബോര്‍ഡ് വേണ്ടെന്നു വച്ചു.
കാലപ്പഴക്കമായശേഷവും വെട്ടിമാറ്റാത്ത തോട്ടങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്. പഴയ റബര്‍ മരം വെട്ടിമാറ്റിയശേഷം റീ പ്ലാന്റിംഗ് നടത്തുന്ന തോട്ടങ്ങളുടെ ശരാശരി വാര്‍ഷിക വിസ്തൃതി ആറായിരം ഹെക്ടറില്‍ താഴെയാണ്. ചിലര്‍ മറ്റ് കൃഷികളിലേക്ക് വഴിമാറുന്നു. ചിലരാവട്ടെ സ്ഥലം വെറുതെയിടുന്നു. പ്രവാസികളില്‍ ഒരു വിഭാഗം തോട്ടം വിറ്റഴിക്കാനും താത്പര്യപ്പെടുന്നു.
ഇക്കാര്യങ്ങളില്‍ റബര്‍ ബോര്‍ഡ് വ്യക്തമായ സര്‍വേകള്‍ നടത്തിയെങ്കിലും കേരളത്തില്‍ റബര്‍ കൃഷി മുന്നോട്ടുപോകുന്നതില്‍ റബര്‍ ബോര്‍ഡിന് താത്പര്യമില്ല. 2030ല്‍ കേരളത്തിലുള്ളതിനേക്കാള്‍ വിസ്തൃതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് റബര്‍ വ്യാപനം നടത്തുക, മുന്നോടിയായി റബര്‍ ബോര്‍ഡ് ആസ്ഥാനം ആസാമിലെ ഗോഹട്ടിയിലേക്കു മാറ്റുക തുടങ്ങിയ നടപടികളുമുണ്ടാകും.
പ്രാരംഭഘട്ടമായി റബര്‍ ബോര്‍ഡിന് ഇക്കൊല്ലംതന്നെ ഉപ ആസ്ഥാനം ഗോഹട്ടിയില്‍ ആരംഭിക്കുന്നത് പ്രാരംഭചര്ച്ചയിലാണ്. കൂടുതല്‍ ഗവേഷകരും ഗവേഷണ കേന്ദ്രവും പുതുപ്പള്ളിയിലുള്ള സാഹചര്യത്തിലാണ് ബോര്‍ഡ് ആസ്ഥാനം തല്ക്കാലം കേരളത്തില്‍ തുടരട്ടെയെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവാസികളില് പുരുഷന്മാരും സ്ത്രീകളും ടാപ്പിംഗ് മേഖലയില്‍ സജീവമാണ്. ജീവിതനിലവാരം കേരളത്തെക്കാള്‍ കുറവുള്ള ആ പ്രദേശങ്ങളില്‍ റബറിന് 100 രൂപ വില കിട്ടിയാലും ഗോത്രവാസികള്‍ക്ക് പരിഭവമില്ല. ആ നിലയില്‍ കുറഞ്ഞ വിലയ്ക്ക് അവിടെ റബര്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം റബര്‍ബോര്‍ഡ് മേല്‍നോട്ടത്തില്‍ ടയര്‍ കമ്പനികളുടെ കൂട്ടായ്മ സജീവമായി മുന്നോട്ടുകൊണ്ടുപോകുകയാണ്.
അവിടെ കൃഷി വ്യാപനത്തിന് വേഗം കൂട്ടാന്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ റബര്‍ നഴ്സറികള്‍ തുടങ്ങാനും റബര്‍ ബോര്‍ഡ് വേണ്ടത്ര സഹായം ചെയ്തുകൊടുക്കുന്നു. കേരളത്തില്‍ ഇക്കൊല്ലവും അടുത്ത നടീല്‍ സീസണില്‍ റബര്‍ ബഡ് തൈകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യമാണ്.