കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിലായി
1418243
Tuesday, April 23, 2024 6:22 AM IST
കടുത്തുരുത്തി: കെഎസ്ആർടിസി ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. കോട്ടയം അയ്മനം സ്വദേശി മോബിൻ സി. ജോർജാ (37)ണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ഒപ്പമിരുന്ന് യാത്ര ചെയ്തിരുന്ന യുവതിയെ മോശം വാക്കുകളിലൂടെയും നോട്ടത്തിലൂടെയും ശല്യപ്പെടുത്താൻ തുടങ്ങി.
ആദ്യം ഇയാളെ ശകാരിച്ച യുവതിയെ പിന്നീട് യുവാവ് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ബസ് മുട്ടുചിറയിൽ എത്തിയതോടെ യുവതി ബഹളം വച്ചു. ഇതിനിടെ ബസിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ മറ്റു യാത്രക്കാരും കണ്ടക്ടറും ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ ബസ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി കടുത്തുരുത്തി പോലീസ് അറിയിച്ചു.