മഴ ശക്തമായതോടെ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം
1424861
Saturday, May 25, 2024 7:16 AM IST
കടുത്തുരുത്തി; മഴ ശക്തമായതോടെ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം. തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ വെള്ളം മൂടി കിടക്കുന്നതോടെ അപകട ഭീഷിണി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനിടെ ശക്തമായ മഴയില്‍ മണ്ണിടിച്ചിലും വ്യാപകമായി. പലയിടത്തും റോഡുകള്‍ ഇടിഞ്ഞു താണു. റോഡുകളില്‍ മണിക്കൂറുകള്‍ നീളുന്ന വെള്ളക്കെട്ടും.
കടുത്തുരുത്തി - തോട്ടുവാ റോഡില്‍ പാലകര ഭാഗത്തും കുറുപ്പന്തറ - കല്ലറ റോഡില്‍ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന് സമീപത്തും വന്‍വെള്ളക്കെട്ടാണ് ഉണ്ടാവുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഈ ഭാഗങ്ങളില്‍ നിന്നും വെള്ളക്കെട്ട് ഒഴിവാകുന്നത്. കുറുപ്പന്തറ റെയില്‍വേ ഗേറ്റിന് സമീപം വര്‍ഷങ്ങളായി വെള്ളക്കെട്ട് പ്രതിസന്ധി അതിരൂക്ഷമാണ്.
ചെറിയ മഴ പെയ്യുമ്പോള്‍തന്നെ റോഡ് വെള്ളത്തിലാവും. ഇരുചക്രവാഹനങ്ങള്‍ വെള്ളത്തിലൂടെ മുന്നോട്ട് പോകാതെ നിന്നുപോകും. സമീപത്തെ വ്യാപാര സ്ഥാപനങ്ങലിലും വെള്ളം കയറി പ്രവര്‍ത്തനം തടസ്സപെടും.
ഓട നിര്‍മിച്ചു വെള്ളം ഒഴുകി പോകാനുള്ള സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമെ ഇവിടുത്തെ വെള്ളക്കെട്ടിന് പരിഹാരമാകൂ. എന്നാല്‍ റെയില്‍വേയുടെ സ്ഥലത്തുകൂടി ഓട നിര്മിക്കണമെങ്കില് ഏറേ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതാണ് ഇവിടുത്തെ പ്രധാന പ്രതിസന്ധിയും.
കാലങ്ങളായി നാട്ടുകാരും യാത്രക്കാരും വ്യാപാരികളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്. തകര്‍ന്ന് കിടക്കുന്ന റോഡുകളില്‍ പലയിടത്തും വന്കുഴികളുള്ളതിനാല് മഴയത്ത് റോഡുകള്‍ വെള്ളം മൂടി കിടക്കുന്നത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.
മഴക്കാലപൂര്‍വ ശുചീകരണം പ്രഹസനമായപ്പോള്‍ ദുരിതത്തിലായത് നാട്ടുകാര്‍. ശക്തമായ വേനലിനെത്തുടര്‍ന്ന് മഴ കനത്തതോടെ പതിവുപോലെ പ്രശ്നങ്ങളും ആരംഭിച്ചു.
ഞീഴൂരിൽ രണ്ടിടത്തു തോടിന് സമീപത്തുകൂടി കടന്നുപോകുന്ന റോഡുകള്‍ ഇടിഞ്ഞു വീണിരുന്നു. ആയുഷ് കേന്ദ്രത്തിന് സമീപം ഞീഴൂര്‍-കാട്ടാമ്പാക്ക് എന്‍എസ്എസ് റോഡും തുരുത്തിപ്പള്ളി- വെണ്ണമറ്റം റോഡിലുമാണ് സംരക്ഷണ ഭിത്തി തകർന്നത്.
അപകടത്തിലായ റോഡുകളുടെ വശങ്ങളില് നിന്നിരുന്ന മരങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുറിച്ചു നീക്കി കൂടുതല്‍ അപകടം ഒഴിവാക്കി. ഈ രണ്ട് റോഡുകളിലൂടെയുമുള്ള വാഹനഗതാഗതം പഞ്ചായത്തധികൃതര്‍ നിരോധിച്ചിരിക്കുകയാണ്.
കടുത്തുരുത്തിയില്‍ കോട്ടയം-എറണാകുളം റോഡ് കടന്നുപോകുന്ന പാമാവേലി കട്ടിംഗും ശക്തമായ മഴയില്‍ ഇടിഞ്ഞു വീണു. മലയുടെ മുകള്‍ ഭാഗത്തുനിന്നും ഒരു ഭാഗം ഇടിഞ്ഞു താഴേക്കു വീഴൂകയായിരുന്നു. ഇവിടെയും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. മഴ ശക്തമായി തുടര്‍ന്നാല്‍ കൂടുതല്‍ ഭാഗം ഇടിഞ്ഞു വീഴുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.