ആ കരുതലിന് ചെറുതല്ല കടപ്പാട്
1436596
Tuesday, July 16, 2024 11:42 PM IST
ജോമി കുര്യാക്കോസ്
കോട്ടയം: കാരുണ്യത്തിന്റെ ആ കരുതല്‍ കരങ്ങളെ ഒരിക്കലും മറക്കാനാവില്ല വാകത്താനം ഞാലിയാകുഴി വിലങ്ങുംപാറ പുളിമൂട്ടില്പറമ്പില് സുനിതയ്ക്ക്. ഭര്‍ത്താവ് ബിനോയിയുടെ അകാലവിയോഗത്തിന്റെ വേദനയില്‍ കഴിയുമ്പോഴാണു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി രക്ഷകനായത്. ബിനോയിയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാനാണ് അദ്ദേഹം വീട്ടിലെത്തിയത്. കുടുംബത്തിന്റെ പ്രാരബ്ധങ്ങള്‍ നേരില്‍ കണ്ടറിഞ്ഞ ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ഇവരുടെ ദുരിതം അവതരിപ്പിക്കുകയും സുനിതയ്ക്ക് ആരോഗ്യവകുപ്പില്‍ ജോലി നല്‍കുകയുമായിരുന്നു. ഇപ്പോള്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി ചെയ്യുകയാണ് സുനിത.
2015ല്‍ മണര്‍കാട് കവലയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോയ ജീപ്പ് മറിഞ്ഞാണ് ബിനോയി മരണപ്പെട്ടത്. ഭാര്യയും രണ്ടു ആണ്‍കുട്ടികളും തനിച്ചായതോടെ ആശ്വാസവുമായി ഉമ്മന്‍ ചാണ്ടിയെത്തുകയായിരുന്നു. മൂത്തമകന് നെവിന് നഴ്സിംഗിനും ഇളയ മകന് എബിന് പ്ലസ് വണ്ണിനും പഠിക്കുന്നു. ചരമവാര്‍ഷിക ദിനമായ നാളെ പുതുപ്പള്ളി പള്ളിയിലെ കബറിടത്തില്‍ എത്തണമെന്ന് ആഗ്രഹത്തിലാണു സുനിത.