പാലാ രൂപത പ്രവാസി അപ്പൊസ്തലേറ്റ് ഗ്ലോബൽ പ്രവാസി സംഗമം 20ന്
1436800
Wednesday, July 17, 2024 10:49 PM IST
പാലാ: പാലാ രൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ ഗ്ലോബൽ പ്രവാസി സംഗമം കൊയ്നോനിയ 2024 20ന് സെന്റ് തോമസ് കോളജ് ബിഷപ് വയലിൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ അറിയിച്ചു. പാലാ രൂപതയിൽനിന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ള പ്രവാസികളെ മാതൃരൂപതയുമായി ചേർത്തുനിർത്തുന്ന രൂപതയുടെ ഔദ്യോഗിക സംവിധാനമായ പാലാ രൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തിലുള്ള മൂന്നാമത് ആഗോളസമ്മേളനത്തിനാണ് രൂപത ആതിഥ്യം വഹിക്കുന്നത്.
ആഗോള പ്രവാസി സംഗമം 20ന് രാവിലെ 9.30 ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും. 10.30 ന് പൊതുസമ്മേളനം. മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി നടത്തുന്ന പാലിയേറ്റീവ് വിഭാഗത്തിന്റെ സമർപ്പണം രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ നിർവഹിക്കും.
മാർ സ്ലീവാ മെഡിസിറ്റി പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പ്രഖ്യാപിച്ചിട്ടുള്ള മെഡികെയർ പ്രോഗ്രാം മെഡിസിറ്റി ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്യും. പാലാ രൂപത പ്രവാസി അപ്പൊസ്തലേറ്റ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന പരിശീലന പരിപാടിയായ ട്രെയിനിംഗ് ആൻഡ് ഓറിയന്റേഷൻ പ്രോഗ്രാം- ടോപ്പ് വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്യും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് പ്രസംഗിക്കും.
പ്രവാസി അപ്പൊസ്തലേറ്റ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്യും. വിവിധ കലാപരിപാടികളും നടത്തും.