വീര്യം കൂടിയ അനധികൃത വൈന്‍ വില്പന: എക്സൈസ് കേസെടുത്തു
1436806
Wednesday, July 17, 2024 10:49 PM IST
പാലാ: പിഴക് ജംഗ്ഷനിലുള്ള സ്കൂളിനു സമീപം വീര്യം കൂടിയ വൈന്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ പിഴക് മുതുപ്ലാക്കല്‍ വീട്ടില്‍ റെജി തോമസിനെതിരേ പാലാ എക്സൈസ് റേഞ്ച് ടീം കേസെടുത്തു. എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ എക്സൈസ് നടത്തിയ പരിശോധനയിലാണ് വീര്യം കൂടിയ വൈന്‍ പിടികൂടിയത്. റെയ്ഡില്‍ 67.5 ലിറ്റര്‍ വീര്യംകൂടിയ വൈന്‍ പിടികൂടി.
വ്യാപാര സ്ഥാപനത്തിന്റെ മറവിലായിരുന്നു വൈന്‍ വില്പന. ഒരു ഗ്ലാസ് വൈന്‍ 40 രൂപ നിരക്കിലായിരുന്നു വില്‍പ്പന. മൂന്നു ഗ്ലാസ് വൈന്‍ കുടിച്ചാല്‍ മദ്യം കഴിക്കുന്നതിന് സമാനമായ ലഹരി ലഭിക്കുംവിധം വീര്യം കൂടിയ വൈന്‍ ആയിരുന്നു വില്‍പ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 145 ലിറ്റര്‍ വീര്യം കൂടിയ വൈന്‍ നിര്‍മിച്ച് സമാനമായ കുറ്റം നടത്തിയതിന് 2020ല്‍ പാലാ എക്സൈസ് റേഞ്ച് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.
റെയ്ഡില്‍ എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍ ലാല്‍, ആര്. ജയദേവന് , വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിയ കെ. ദിവാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.