കോട്ടയം: നഗരമധ്യത്തിൽ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. കടുവാക്കുളം അയ്മനം തറയിൽ വീട്ടിൽ ജോർജുകുട്ടി ഏബ്രഹാം (63) ആണ് മരിച്ചത്. നാട്ടകം ട്രാവൻകൂർ സിമന്റ്സിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: അന്നമ്മ ജോർജ്. മക്കൾ: ജയ്മോൾ, മിന്നാ. മരുമകൻ: ജിതിൻ.
ഇന്നലെ രാത്രി 7.30ന് മാൾ ഓഫ് ജോയിക്ക് മുൻപിലായിരുന്നു അപകടം. കാലിലൂടെ ലോറി കയറിയിറങ്ങി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ടാങ്കർ ലോറി ഇതേ ദിശയിൽനിന്ന് എത്തിയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ വാഹനത്തിൽനിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കോട്ടയം ട്രാഫിക് പോലീസ് കേസെടുത്തിട്ടുണ്ട്.