പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി കണ്ണൂർ കോ-ഓപ്പ് അർബൻ ബാങ്ക്
1565957
Tuesday, June 10, 2025 1:01 AM IST
കണ്ണൂര്‍: സ്കൂളുകളില്‍ പരിസ്ഥിതി പരിപാലനത്തിനായി അക്കൗണ്ട് ബന്ധിത പദ്ധതിയുമായി കണ്ണൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്. സഹകരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും ആയുഷ് വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
താവക്കര ഗവ. യു പി സ്കൂളിനുപുറമെ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, താവക്കരയിലെ മദ്രസ മാ അദാനിയ എൽപി സ്കൂൾ എന്നിവയെയാണ് അക്കൗണ്ട് ബന്ധിത പരിസ്ഥിതി സംരക്ഷണ പരിപാടിയിൽ ആദ്യഘട്ടത്തിൽ ഉൾപ്പടുത്തിയിരിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ട ചുമതല സഹകരണ വകുപ്പിനാണ്. സ്കൂള്‍ പിടിഎ അര്‍ബന്‍ ബാങ്കില്‍ തുടങ്ങുന്ന അക്കൗണ്ടില്‍ ചെടികള്‍ പരിപാലിക്കാനുള്ള തുക ആയുഷ് വകുപ്പ് നിക്ഷേപിക്കും. തുടര്‍ന്ന് എല്ലാ മാസവും ചെടിയുടെ വളര്‍ച്ചാപുരോഗതി റിപ്പോര്‍ട്ടും ഫോട്ടോയും സഹിതം സഹകരണ സംഘം രജിസ്ട്രാര്‍ (ജനറല്‍)ക്ക് നല്‍കണം.
നെല്ലി, അശോകം, കൂവളം, വേപ്പ്, കണികൊന്ന, കറ്റാര്‍ വാഴ, മുരിങ്ങ എന്നിവയാണ് നട്ടു പരിപാലിക്കുക. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകള്‍ക്ക് ഔഷധത്തൈകളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ബാങ്ക് ചെയർമാൻ രാജീവൻ എളയാവൂർ നിർവഹിച്ചു. താവക്കര ഗവ. യു പി സ്കൂളില്‍ നടന്ന ചടങ്ങില്‍ മുഖ്യാധ്യാപകൻ കെ.വി. പ്രശാന്തൻ, പിടഎ പ്രസിഡന്റ് രമ്യ എന്നിവർ ഔഷധ തൈകൾ ഏറ്റുവാങ്ങി.