60 വർഷത്തെ ഒാർമകളുമായി പൂർവ വിദ്യാർഥി സംഗമം
1566291
Wednesday, June 11, 2025 1:53 AM IST
കണ്ണൂർ: അപൂർവതകളിൽ സന്പന്നമായ കണ്ണൂർ ഗവ. ട്രെയിനിംഗ് സ്കൂൾ ഇത്തവണ ശ്രദ്ധേയമായത് പൂർവ വിദ്യാർഥി സംഗമത്തിലൂടെ. 1964-68 ബാച്ചിലെ അധ്യാപക -വിദ്യാർഥികളുടെ ( ജിടടിഐ-മെൻ) സംഗമമാണ് കൗതുകവും അപൂർവങ്ങളിൽ അപൂർവവുമായി മാറിയത്. 1964 മുതൽ 68 വരെ പരിശീലനം നേടിയ 75 വയസു മുതൽ പ്രായമുള്ളവരാണാണ് കുടുബ സംഗമത്തിൽ ട്രെയിനിംഗ് സ്കൂളിൽ ഒത്തുചേർന്നത്.
അന്നത്തെ ബാച്ചിലെ പലരും മരണപ്പെട്ടെങ്കിലും അവശഷിക്കുന്നവരിൽ ശാരീരിക അവശതകൾ കണക്കിലെടുക്കാതെ ട്രെയിനിംഗ് സ്കൂൾ പരിസരത്തെത്തിയവരിൽ ഓരോരുത്തരും തങ്ങൾക്കു ജീവിതം നൽകിയ ഈ വിദ്യാലയത്തിലെ പൂർവകാല സ്മരണകൾ പങ്കുവച്ചു. അവരിൽ 90 വയസായ കരിക്കോട്ടക്കരിയിലെ മാത്യു കണ്ടത്തിലിന്റേയും മുസമ്മൽ കണ്ണൂരിന്റേയും സാന്നിധ്യം മറ്റുള്ളവർക്ക് ആവേശം പകരുന്നതായി.
അക്കാലത്തെ മുഖ്യാധ്യാപകനായ 98 വയസ് പ്രായമുള്ള എൻ. ബാലകൃഷനെ പൂർവ വിദ്യാർഥി പ്രതിനിധികൾ കിഴുന്നപ്പാറയിലുള്ള ഭവനത്തിൽചെന്ന് ആദരിച്ച ശേഷമാണ് ട്രെയിനിംഗ് സ്കൂൾ ഹാളിലെ സംഗമം ആരംഭിച്ചത്. പൂർവ വിദ്യാർഥി സംഗമം ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പൽ കെ.വി. അഞ്ജന ഉദ്ഘാടനം ചെയ്തു.
കണ്ണർ കോർപറേഷൻ പ്ലാനിംഗ് റിസോർസ് പേഴ്സൺ പി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. ദിവാകരൻ, വി. ചന്തുക്കുട്ടി, പി.കെ. ലക്ഷ്മണൻ, എ.വി. ചന്ദ്രൻ, കെ.വി. ബാലൻ, ടി.വി. ബാലകൃഷ്ണൻ, കെ.പി. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കവിതകൾ ചൊല്ലിയും പാട്ടുപാടിയുമാണ് ഇവർ സന്തോഷം പങ്കുവച്ചത്. വിദ്യാലയ പരിസരത്ത് "പൂർവ വിദ്യാർഥി ഓർമ മരം" ( തൈ മാവ്) നട്ടായിരുന്നു മടക്കം.