ആറളം ഫാം റോഡിൽ കാട്ടാന മരം റോഡിന് കുറുകെ കുത്തിവീഴ്ത്തി
1566300
Wednesday, June 11, 2025 1:53 AM IST
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും കാട്ടാനകൾ കുടിലുകൾ ഉൾപ്പടെ തകർത്ത് ഭീഷണി ഉയർത്തുന്നതിനിടെ റോഡരികിലെ മരം കാട്ടാന കുത്തി വീഴ്ത്തി.
കഴിഞ്ഞ ദിവസം രാത്രി ബ്ലോക്ക് പതിമൂന്നിലെ പരിപ്പ് തോട്-കോട്ടപ്പാറ റോഡിലാണ് കാട്ടാന മരം കുത്തി വീഴ്ത്തിയത്. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വനപാലകരും ആർആർടി സംഘവും വാഹനത്തിൽ പട്രോളിംഗ് നടത്താനുപയോഗിക്കുന്ന റോഡുകളിൽ ഒന്നാണിത്. ആർആർടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഫാം മേഖലയിൽ നിന്ന് കാട്ടാനകളെ വനപാലകർ പലപ്പോഴായി കാട്ടിലേക്ക് തുരത്തിയെന്ന് അവകാശപ്പെടുന്പോഴും കാടു കയറ്റിയ ആനകൾ ഫാമിൽ തിരിച്ചെത്തുകയാണ്.